കേണൽ സോഫിയ ഖുറേഷിയെ കുറിച്ചുള്ള പരാമര്‍ശം; മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

Published : May 14, 2025, 05:44 PM ISTUpdated : May 14, 2025, 05:45 PM IST
കേണൽ സോഫിയ ഖുറേഷിയെ കുറിച്ചുള്ള പരാമര്‍ശം; മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

Synopsis

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിൽ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനങ്ങളിൽ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും സൈന്യത്തിന്റെ മുഖമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയ്‌ക്കൊപ്പവും വാർത്താ സമ്മേളനങ്ങളിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇത് എടുത്തുപറഞ്ഞായിരുന്നു, വര്‍ഗീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം മന്ത്രി നടത്തിയത്.

മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു സംഭവം. ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. അതിന് പകരം അവരുടെ സഹോദരിയെ ഞങ്ങൾ തിരിച്ചയച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തീവ്രവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. മോദിജി അവരുടെ തന്നെ സഹോദരിയെ പ്രതികാരം ചെയ്യാൻ തിരിച്ചയച്ചു. 

നമുക്ക് അവരെ വിവസ്ത്രരാക്കാൻ കഴിഞ്ഞില്ല, അതിനാൽ അവരുടെ സമുദായത്തിൽ നിന്നുള്ള ഒരു മകളെ ഞങ്ങൾ അയച്ചു. നമ്മുടെ സമുദായത്തിലെ സഹോദരിമാരെ നിങ്ങൾ വിധവകളാക്കി, നിങ്ങളുടെ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരി തന്നെ നിങ്ങളെ വിവസ്ത്രരാക്കും. പ്രതികാരം ചെയ്യാൻ നിങ്ങളുടെ മതത്തിലെ തന്നെ പെൺമക്കളെ പാകിസ്ഥാനിലേക്ക് അയക്കാമെന്ന് മോദിജി തെളിയിച്ചു എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ ഉഷ താക്കൂർ, ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കൾ എന്നിവരടക്കം സദസ്സൽ ഇരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സൈനിക മേധാവികളും പ്രതിപക്ഷ പാർട്ടികളും പരാമര്‍ശത്തെ ശക്തമായി അപലപിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിജയ് ഷാ താൻ പറഞ്ഞതിനെ വളച്ചൊടിച്ചുവെന്നായിരുന്നു ആദ്യം വിശദീകരിച്ചത്. പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. കേണൽ സോഫിയ ഖുറേഷി എന്റെ സഹോദരിയേക്കാൾ എനിക്ക് പ്രധാനപ്പെട്ടവളാണ്, കാരണം അവർ ജാതിക്കും സമുദായത്തിനും അതീതമായി പ്രതികാരം ചെയ്തു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നിട്ടും ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ, ഞാൻ ഒരിക്കലല്ല പത്ത് തവണ മാപ്പ് പറയുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന