
ബെംഗ്ലൂരു: ഹിജാബ് (Hijab) വിവാദങ്ങള്‍ക്കിടെ കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിച്ച് കര്‍ണാടക പൊലീസ്. ചിലരെ സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി തിരിച്ചറിയില്‍ രേഖകളും പരിശോധിച്ചു. ഹിജാബ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്നും ക്ലാസ് ബഹിഷ്കരിച്ചു.
കല്‍ബുര്‍ഗി ഉറുദു ഗേള്‍സ് സ്കൂളില്‍ ഹിജാബ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 80 വിദ്യാര്‍ത്ഥിനികളാണ് ഇവിടെ ക്ലാസ് ബഹിഷ്കരിച്ചത്. ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥി പോലും ഇല്ലാത്തതിനാല്‍ അധ്യാപികയ്ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിക്കേണ്ടി വന്നു. കര്‍ണാടകയിലെ വിവിധയിടങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികളാണ് രാവിലെ സ്കൂളിന് മുന്നില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുപോയത്. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ആരെയും സ്കൂളില്‍ പ്രവേശിപ്പിച്ചില്ല. ചില സ്കൂളുകളില്‍ ഹിജാബ് ധരിച്ചെത്തിയ അധ്യാപകരെയും തടഞ്ഞു.
ഇതിനിടെയാണ് കര്‍ണാടകയിലെ കോളേജുകളില്‍ പഠിക്കുന്ന കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നത്. വീട്ടുവിലാസം, പഠന പശ്ചാത്തലം, മാതാപിതാക്കളുടെ സംഘടനാ ബന്ധങ്ങള്‍ അടക്കം ശേഖരിക്കാന്‍ കോളേജുകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. വിവരങ്ങള്‍ കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോളേജുകള്‍ വഴി വിദ്യാര്‍ത്ഥിനികള്‍ക്ക് നോട്ടീസ് നല്‍കി. ഉഡുപ്പിയിലും ശിവമൊഗ്ഗയിലും കശ്മീരി വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ തിരിച്ചറിയില്‍ രേഖ പരിശോധിച്ചു. പങ്കെടുത്ത പ്രതിഷേധങ്ങളുടെ വിവരങ്ങളും തേടി. ദേശസുരക്ഷ കണക്കിലെടുള്ള നടപടി എന്നാണ് പൊലീസ് വിശദീകരണം. ഹിജാബ് വിവാദം രാജ്യത്തെ ഭിന്നിക്കാനുള്ള ബിജെപി ഗൂഢാലോചനയാണെന്ന് ആരോപിച്ച് മെഹബൂബ മുഫ്ത്തിയടക്കമുള്ള നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam