
ദില്ലി: അസം മന്ത്രിയുടെ മകൾ വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്ത സംഭവത്തിൽ മന്ത്രിയെ അധിക്ഷേപിക്കുകയോ വേട്ടയാടുകയോ ചെയ്യരുതെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഗുവാഹത്തിയിൽ നടന്ന പ്രതിഷേധത്തിലാണ് അസം കാബിനറ്റ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ അസം ഗണ പരിഷത് (AGP) നേതാവുമായ കേശബ് മഹന്തയുടെ മകൾ പങ്കെടുത്തത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും ഗുവാഹത്തിയിലെ ചാച്ചലിൽ നടന്ന സമരത്തിലാണ് മന്ത്രിയുടെ മകൾ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്‍റെയും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്‍റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി.
പ്രായപൂർത്തിയായ മക്കളുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കേശബ് മഹന്തയെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. "കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ അവരുടെ പ്രവർത്തനങ്ങളെ മാതാപിതാക്കളുമായി കൂട്ടിക്കെട്ടരുത്. നാളെ എന്‍റെ മകൻ അഭിഭാഷകനാകുമ്പോൾ എനിക്ക് ഇഷ്ടമില്ലാത്ത ആളുകൾക്ക് വേണ്ടി കേസ് വാദിച്ചേക്കാം. മകൾ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല, പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിൽ വിഷമമുണ്ട്. അടുത്ത തവണ അവളെ കാണുമ്പോൾ ഇക്കാര്യം സംസാരിച്ച് മനസ്സിലാക്കാൻ ശ്രമിക്കും. എന്നാൽ ഇതിന്റെ പേരിൽ പിതാവിനെ എന്തിന് വേട്ടയാടണം?" എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam