
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും (PM Narendra Modi) ആഭ്യന്തരമന്ത്രി അമിത് ഷായുടെയും (AMit shah) ഔദ്യോഗിക പദവികൾ തെറ്റായി പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പൊതുറാലിയിൽ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് (Himanta Biswa sarma) അബദ്ധം പിണഞ്ഞത്. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 'പ്രധാനമന്ത്രി' അമിത് ഷായ്ക്കും 'ആഭ്യന്തരമന്ത്രി' നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്കും നന്ദി മുഖ്യമന്ത്രി നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ തെറ്റ് രാഷ്ട്രീയ വിവാദമാക്കി പ്രതിപക്ഷം രംഗത്തെത്തി.
അമിത് ഷായെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് ബിജെപി പ്രതികരിച്ചു. മുഖ്യമന്ത്രി തെറ്റായി സംസാരിക്കുന്ന ഏകദേശം 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. നേരത്തെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെ എംപിയായിരുന്ന പല്ലബ്ലോചന്ദസ് കേന്ദ്രമന്ത്രിയെന്ന് വിശേഷിപ്പിച്ചത് കോൺഗ്രസ് ഓർമിപ്പിച്ചു.
നരേന്ദ്രമോദി ജിയെ മാറ്റി പകരം ബിജെപി അടുത്ത പ്രധാനമന്ത്രിയെ തീരുമാനിച്ചോയെന്നും അമിത് ഷാ പ്രധാനമന്ത്രിയായി അവരോധിക്കാൻ കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ടോയെന്നും കോൺഗ്രസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ഗൂഢോദേശ്യമുണ്ടെന്ന് അസം ദേശീയ പരിഷത്തും (എജെപി) ആരോപിച്ചു. അമിത് ഷായെ പ്രധാനമന്ത്രി എന്ന് അഭിസംബോധന ചെയ്യുന്നത് നാക്കുപിഴയല്ലെന്നും തന്ത്രങ്ങളിലൊന്നാണെന്നും എജെപി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങളെ തള്ളി ബിജെപി വക്താവ് രൂപം ഗോസ്വാമി രംഗത്തെത്തി. അതൊരു മാനുഷിക പിഴവായിരുന്നു, നാക്കുപിഴ ആർക്കും സംഭവിക്കാം.- ഗോസ്വാമി പിടിഐയോട് പറഞ്ഞു.