'ലൗ ജിഹാദും മതപരിവർത്തനവും നിരോധിക്കണം'; മഹാരാഷ്ട്രയിൽ കൂറ്റൻ റാലിയുമായി ഹിന്ദുത്വ സംഘടനകൾ 

By Web TeamFirst Published Jan 30, 2023, 10:09 PM IST
Highlights

കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ നേതൃത്വത്തിൽ മുപ്പതോളം റാലികൾ നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാതൃകയിൽ മിശ്രവിവാഹം തടയാനും വിവാഹാനന്തര മതപരിവർത്തനത്തനം തടയാനും നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.

മുംബൈ: ലൗ ജിഹാദും മതപരിവർത്തനവും തടയാൻ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ ഹിന്ദുത്വ സംഘടനകളുടെ കൂറ്റൻ റാലി. ഞായറാഴ്ചയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റാലി നടത്തിയത്. ഹിന്ദു ജൻ ആക്രോശ് മോർച്ചയുടെ ബാനറിൽ ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സകാൽ ഹിന്ദു സമാജമാണ് റാലി നടത്തിയത്. ബിജെപി നേതാക്കൾ റാലിയിൽ പങ്കെടുത്തു. 
ദാദറിലെ ശിവാജി പാർക്കിൽ നിന്നാരംഭിച്ച റാലി പരേലിലെ കംഗർ മൈതാനിയിൽ സമാപിച്ചു. റാലികളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാ​ഗം നേതാക്കളും റാലിയിൽ പങ്കെടുത്തു.

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ഹിന്ദു ജനജാഗൃതി സമിതി, സനാതൻ സൻസ്ത തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് സകാൽ ഹിന്ദു സമാജത്തിനു കീഴിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ നേതൃത്വത്തിൽ മുപ്പതോളം റാലികൾ നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാതൃകയിൽ മിശ്രവിവാഹം തടയാനും വിവാഹാനന്തര മതപരിവർത്തനത്തനം തടയാനും നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. ഡിസംബറിൽ മിശ്രവിവാഹങ്ങൾ പരിശോധിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഹിന്ദു സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള സംഘടിത ശ്രമമാണ് മിശ്രവിവാഹമെന്നാണ് വലതുസംഘടനകൾ പറയുന്നത്. മിശ്രവിവാഹത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിംഗ് പ്രസം​ഗിച്ചത്. ഹിന്ദു പെൺകുട്ടികളിൽ നിന്ന് അകലം പാലിക്കാൻ മുസ്ലീം യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി.

'ഹലാൽ' സാധനങ്ങൾ വാങ്ങരുതെന്നും ഹിന്ദു പെൺകുട്ടികൾ മുസ്ലിം ചെറുപ്പക്കാരിൽ നിന്ന് അകന്നുനിൽക്കണമെന്നും എംഎൽഎ പറഞ്ഞു. ഗോപാൽ ഷെട്ടി, മനോജ് കൊട്ടക്, അതുൽ ഭട്ഖൽക്കർ, നിതേഷ് റാണെ, പ്രവീൺ ദാരേക്കർ, മുൻ എംപി കിരിത് സോമയ്യ തുടങ്ങി നിരവധി ബിജെപി നേതാക്കൾ റാലിയിൽ പങ്കെടുത്തു. ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തിൽ നിന്നുള്ള സദാ സർവങ്കറും അദ്ദേഹത്തിന്റെ മകനും പങ്കെടുത്തു. ബി.ജെ.പി എം.എൽ.എ എന്ന നിലയിലല്ല പങ്കെടുത്തതെന്ന് അതുൽ ഭട്ഖൽക്കർ പറഞ്ഞു. ‘ഹിന്ദു’ എന്ന നിലയിലാണ് റാലിയിൽ പങ്കെടുത്തതന്നും ഇവരുടെ ആവശ്യത്തെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും പാർട്ടി അധികാരത്തിലുണ്ടെങ്കിലും എല്ലാ പ്രശ്‌നങ്ങളും സർക്കാരിന് പരിഹരിക്കാനാവില്ലെന്നും സമൂഹത്തിന്റെ പിന്തുണ പ്രധാനമാണെന്നും ലൗ ജിഹാദിന്റെ വിഷയത്തിൽ ഹിന്ദുക്കൾ ഇപ്പോൾ ഉണർന്നിരിക്കുകയാണെന്നും ബിജെപി എംഎൽഎ പറഞ്ഞു. 

ശ്രദ്ധ വാക്കർ വധം, ഭൂമി കൈയേറ്റം, ആരാധനാലയങ്ങളുടെ നിർമാണം, നിർബന്ധിത മതപരിവർത്തനം എന്നിവയാണ് പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് ശ്രീരാജ് നായർ പറഞ്ഞു.  മുംബൈ ഉൾപ്പെടെ 12 ജില്ലകളിലായി 31 റാലികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കി.

റാലികളെ വിമർശിച്ച് പ്രതിപക്ഷ നേതാവ് അജിത് പവാർ രം​ഗത്തെത്തി. ഇത്തരം റാലികളെ പിന്തുണച്ച് സമൂഹത്തിൽ വിദ്വേഷം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ലവ് ജിഹാദ് വിരുദ്ധ നിയമം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

click me!