
ദില്ലി: കൊവിഡ് 19നെ നേരിടാന്‍ എച്ച്‌ഐവി പ്രതിരോധ മരുന്നുകള്‍ തല്ക്കാലം വ്യാപകമായി ഉപയോഗിക്കില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ ഈ മരുന്നുകള്‍ രോഗികളില്‍ കുത്തിവെക്കാനാകൂ. അതേസമയം കൊവിഡ് 19നുള്ള വാക്‌സിന്‍ കണ്ടെത്താന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
രണ്ടും വൈറസുകളാണ്. രണ്ടും വൈറസുകള്‍ ആയതുകൊണ്ട് അത് പ്രവര്‍ത്തിക്കുന്നത് ഒരുപോലെയാകാം. ഇപ്പോള്‍ പരീക്ഷണത്തിന് അവസരം കിട്ടിയിരിക്കുകയാണ്. അതിന്റെ ഫലം വരാതെ ഒന്നും പറയാനാകില്ല. പക്ഷെ, ഈ മരുന്നുകള്‍ വലിയ ദോഷം ഉണ്ടാക്കില്ലെന്നും മുന്‍ പ്രസിഡന്റ് ഐഎംഎ ഡോ. കെകെ അഗര്‍വാള്‍ പ്രതികരിച്ചു.
എച്ച്‌ഐവി വൈറസിനോട് സാമ്യമുള്ള ആര്‍എന്‍എ വൈറസാണ് കൊവിഡ് 19 ഉം. വൈറസുകളുടെ പൊതുസ്വഭാവം കണക്കിലെടുത്താണ് എച്ച്‌ഐവി പ്രതിരോധ മരുന്നുകളായ ലോപിനാവിര്‍-റൈട്ടനാവിര്‍ മിശ്രിതം ജയ്പ്പൂരിലെ രോഗബാധിതരില്‍ പരീക്ഷിച്ചത്. ഇറ്റാലിയന്‍ സ്വദേശികളായ കൊവിഡ് ബാധിതരുടെ സമ്മതത്തോടെ ഉപയോഗിച്ച മരുന്ന് ഫലം കണ്ടു. പക്ഷെ, കൊവിഡ് 19 ന്റെ യഥാര്‍ത്ഥ സ്വഭാവം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ളതെല്ലാം നിഗമനങ്ങള്‍ മാത്രമാണ്.
ലോപിനാവിറും റൈട്ടനാവിറും ചൈനയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും പരീക്ഷണാടിസ്ഥാനത്തില്‍ കൊവിഡിന് ഉപയോഗിക്കുന്നുണ്ട്. ഗുരുവസ്ഥയിലുള്ള അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തല്‍ക്കാലം ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തന്നെ നല്‍കാമെന്നാണ് ഐസിഎംആറിന്റെയും നിര്‍ദ്ദേശം. കൊവിഡിനെ നേരിടാനുള്ള വാക്‌സിന്‍ പരീക്ഷണം അമേരിക്കയില്‍ തുടങ്ങിയെങ്കിലും അത് വിജയമോ, പരാജയമോ എന്നറിയാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണം. അതുവരേക്ക് രോഗലക്ഷണത്തിന് ചികിത്സയാണ് മാര്‍ഗ്ഗമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam