
ദില്ലി: ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022 (criminal procedure identification bill) ലോകസഭയിൽ പാസായി. ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) വ്യക്തമാക്കി. എന്നാല്‍ ബില്ല് ജനവിരുദ്ധമാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ വിമര്‍ശിച്ചു. അതേ സമയം കുറ്റവാളികളുടെ പൂർണ വിവരങ്ങൾ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
അക്രമികളാൽ കൊല്ലപ്പെടുന്നവർക്കും ആക്രമിക്കപ്പെടുന്നവർക്കും മനുഷ്യാവകാശം ഉണ്ട്. ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുൻപോട്ട് നയിക്കുന്നതാണെന്ന് അമിത്ഷാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കും. സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ സാധിക്കുന്നതാണ് ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല്. അതിനാവശ്യമായ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു. ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു.
ബില്ലിലൂടെ തെളിവുകളുടെ ശേഖരണം കൂടുതൽ ശക്തിപ്പെടുത്തുകയും അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്യും. ക്രിമിനൽ ഭേദഗതി ബില്ല് സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിപുലമായ ചർച്ച നടത്തിയിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനൽ നിയമങ്ങൾ പഠിച്ചുവെന്നും അമിത് ഷാ സഭയിൽ വ്യക്തമാക്കി. മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്.