ജമ്മു കശ്മീരില്‍ നിന്ന് പതിനായിരം കേന്ദ്രസേനാംഗങ്ങളെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Aug 20, 2020, 4:16 PM IST
Highlights

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരുന്നു താഴ്വര. കേന്ദ്ര പൊലീസ് സേനയുടെ 40 കമ്പനി, സിഐഎസ്എഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവയുടെ 20 കമ്പനികള്‍ വീതമാകും ജമ്മുകശ്മീരില്‍ നിന്ന് തിരിച്ച് വിളിക്കുന്നത്. 

ദില്ലി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്ന് പതിനായിരം പാരാമിലിറ്ററി അംഗങ്ങളെ തിരിച്ച് വിളിക്കാനൊരുങ്ങി കേന്ദ്രം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മു കശ്മീരില്‍ നിയോഗിച്ച കേന്ദ്ര സേനയിലെ 10000 പേരെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ച് വിളിക്കുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരുന്നു താഴ്വര. 100 കമ്പനി സേനാംഗങ്ങളെ തിരിച്ച് വിളിച്ച് അവരുടെ സ്ഥലങ്ങളിലേക്ക് തിരികെ അയക്കുമെന്നും. ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. കേന്ദ്ര പൊലീസ് സേനയുടെ 40 കമ്പനി, സിഐഎസ്എഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവയുടെ 20 കമ്പനികള്‍ വീതമാകും ജമ്മുകശ്മീരില്‍ നിന്ന് തിരിച്ച് വിളിക്കുന്നത്. ഇവയെ ജമ്മുവിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എവിടെയായിരുന്നോ അവിടേക്കാണ് തിരികെ പോസ്റ്റ് ചെയ്യുക. 

മെയ്മാസം ആഭ്യന്തരമന്ത്രാലയം 10 കമ്പനി കേന്ദ്ര പൊലീസ് സേനയെ ജമ്മുകശ്മീരില്‍ നിന്ന് തിരികെ വിളിച്ചിരുന്നു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിര പരിശോധനകള്‍ മാത്രമാണ് താഴ്വരയില്‍ നടക്കുന്നത്. 

click me!