
മംഗളൂരു: കർണാടകയിൽ മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റിലായിരുന്നു. കാസര്‍കോട് സ്വദേശിയായ 37-കാരനെ കുന്ദാപൂർ താലൂക്കിലെ കോടിയിൽ താമസിക്കുന്ന അസ്മ (43) കൃത്യമായ പ്ലാനിംഗോടെയാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കെണിയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. അസ്മയെ ഫോണിലൂടെയാണ് കാസർകോട് സ്വദേശി സുനിൽകുമാർ പരിചയപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഫോണില്‍ വിളിച്ചപ്പോള്‍ നേരിട്ട് കാണാമെന്ന് യുവതി യുവാവിനോട് പറയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് കാണാമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തി. പിന്നാലെ സ്ഥലത്തെത്തിയ യുവതി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുപിന്നാലെ മറ്റുപ്രതികളും ഇവരുടെ വീട്ടിലെത്തി. ഇതോടെയാണ് യുവാവ് താൻ ചതിയിൽ പെട്ടതായി തിരിച്ചറിയുന്നത്. താമസ സ്ഥലത്തെത്തിയ സുനിലിനെ വീട്ടിൽ പൂട്ടിയിട്ട അസ്മ ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാൽ യുവാവ് പണം നൽകാൻ വിസമ്മതിച്ചതോടെ മർദ്ദിച്ചവശനാക്കിയ ശേഷം കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുത്തു.സുനിലിന്‍റെ കൈവശമുണ്ടായിരുന്ന 6,200 പണം തട്ടിയെടുത് ശേഷം യുപിഐ വഴി 30,000 അസ്മയുടെ നമ്പറിലേക്ക് നിർബന്ധിച്ച് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എടിഎം കാർഡും തട്ടിയെടുത്തു. പിൻ നമ്പർ ലഭിച്ച ശേഷം 40,000 പിൻവലിച്ച ശേഷം രാത്രി വൈകിയാണ് ഇയാളെ വിട്ടയച്ചത്.
കേസിൽ അസ്മ (43), ബൈന്ദൂർ താലൂക്കിലെ ബഡകെരെ സ്വദേശി സവാദ് (28) ഗുൽവാഡി സ്വദേശി സൈഫുള്ള (38) ഹാംഗ്ലൂർ സ്വദേശി മുഹമ്മദ് നാസിർ ഷെരീഫ് (36) കുംഭാസി സ്വദേശി അബ്ദുൾ സത്താർ (23) ശിവമോഗ ജില്ലയിലെ ഹൊസനഗരയിൽ താമസിക്കുന്ന അബ്ദുൾ അസീസ് (26) എന്നിവരാണ് പിടിയിലായത്. ഇവരുടെ രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.