മൻ കീ ബാത്ത്: റമദാൻ കാലത്ത് തന്നെ ലോകം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി

By Web TeamFirst Published Apr 26, 2020, 11:39 AM IST
Highlights

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒറ്റ ടീമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

ദില്ലി: കൊവിഡ് 19 വൈറസ് വ്യാപനത്തെ ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലേത് ജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിരോധമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒറ്റ ടീമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഈ റമദാൻ മാസത്തിലും എല്ലാ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളും പാലിക്കാൻ ജനങ്ങളെല്ലാവരും ശ്രദ്ധിക്കണം. ഈ റമദാൻ കാലം തീരും മുൻപ് ലോകം കൊവിഡിൽ നിന്നും മുക്തി നേടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിൽ സംസാരിക്കുമ്പോൾ ആണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.

പ്രധാനമന്ത്രിയുടെ വാക്കുകൾ... 

ഈ പ്രതിസന്ധി കാലത്തും രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ കർഷകർ വലിയ സംഭാവന വഹിച്ചു.

രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ പുതിയ ഓർഡിനൻസിലൂടെ ഉറപ്പാക്കി

കൊവിഡ് വ്യാപനം രാജ്യത്തെ പൊതു സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിച്ചു.

മറ്റുള്ളവരുടെ സേവനം എത്ര വലുതെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. സമൂഹത്തിൻറെ കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് വന്നത്. 

ഈ കൊവിഡ് കാലത്ത് രാജ്യത്ത് പൊലീസ് സേനകൾ നടത്തുന്ന സേവനത്തിൽ ജനങ്ങൾക്ക് വലിയ മതിപ്പാണുള്ളത്. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ പല രാജ്യങ്ങളേയും അവശ്യമരുന്നുകൾ നൽകി സഹായിച്ചു.

ഇന്ത്യയുടെ സംസ്കാരത്തിന് അനുസൃതമായാണ് ഈ നടപടി എടുത്തത്.

ഇന്ത്യയുടെ സേവനത്തിനും ഇവിടുത്തെ ജനങ്ങൾക്കും  പല രാഷ്ട്രനേതാക്കളും നന്ദി രേഖപ്പെടുത്തുന്നു.

കൊവിഡ് നമ്മുടെ ജീവിതശൈലികളിൽ കാര്യമായി മാറ്റം വരുത്തിയിട്ടുണ്ട്. മുഖാവരണം ഇനി സമൂഹത്തിൻറെ ജീവിതശൈലിയുടെ ഭാഗമാണ്.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണമെന്ന ബോധം എല്ലാവർക്കും അനിവാര്യമായും ഉണ്ടാവണം. 

ഈ റമദാൻ കാലത്ത് കൊവിഡ് പ്രതിരോധത്തിനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ജനങ്ങൾ പാലിക്കണം. ഈ റമദാൻ കാലത്ത് തന്നെ ലോകം കൊവിഡ് മുക്തമാകും എന്ന് പ്രതീക്ഷിക്കാം.

കൊവിഡ് പ്രതിരോധവുമായി സഹകരിച്ച എല്ലാ സമുദായ നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.

കൊവിഡിനെതിരായ ജാഗ്രത എല്ലാവരും തുടരണം. കൊവിഡ് ബാധിക്കില്ലെന്ന് ആരും കരുതരുത്. 

 

click me!