'ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ല'; സൊമാറ്റോയിലെ ഭക്ഷണവിതരണക്കാര്‍ സമരത്തിലേക്ക്

By Web TeamFirst Published Aug 11, 2019, 1:57 PM IST
Highlights

ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളിലുള്ളവര്‍ സമരത്തിനുണ്ട്. 

കൊല്‍ക്കത്ത: ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്നും കാണിച്ച് സൊമാറ്റോ വിതരണക്കാര്‍ സമരത്തിലേക്ക്. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച സമരം നടത്തുമെന്നാണ് വിതരണക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാരായ തൊഴിലാളികള്‍ പറയുന്നത്. 

ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളിലുള്ളവര്‍ സമരത്തിനുണ്ട്. 'ഈയടുത്ത് ചില മുസ്‍ലിം റെസ്റ്റോറന്‍റുകള്‍ സൊമാറ്റോയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. ഞങ്ങള്‍ക്കിടയിലെ ഹിന്ദു മതത്തില്‍ പെട്ട വിതരണക്കാര്‍ അവിടെനിന്നുള്ള ബീഫ് വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചു. പിന്നീട് മുസ്‍ലിം തൊഴിലാളികളോട് പോര്‍ക്ക് വിതരണം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു. 

ഞങ്ങളുടെ മതവികാരം വ്രണപ്പെടുകയാണ്. ഞങ്ങള്‍ക്ക് മെഡിക്കല്‍ സംരക്ഷണങ്ങളും ലഭിക്കുന്നില്ല. ഇരു മതത്തില്‍ ഉള്ളവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. 
കമ്പനിക്ക് എല്ലാം അറിയാം'. എന്നാല്‍ ഞങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുക മാത്രമാണ് കമ്പനി ചെയ്യുന്നതെന്നും മൗസിന്‍ അക്തര്‍ എന്ന ജീവനക്കാരന്‍ വ്യക്തമാക്കുന്നു. 

നേരത്തെ സൊമാറ്റോ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമുയര്‍ന്നിരുന്നു. ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് സൊമാറ്റോ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി. ഇതിന് പിന്നാലെ സൊമാറ്റോയ്ക്ക് സൈബര്‍ ഇടങ്ങളില്‍ നിന്നും വലിയ സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. 

click me!