
ഹൈദരാബാദ്: നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാജ്യശ്രദ്ധയാകര്‍ഷിച്ച കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികൾക്കെല്ലാം നിര്‍ണായകമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്ക് വേണ്ടി പട നയിച്ചപ്പോൾ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആർഎസിന്‍റെ പ്രചാരണരംഗത്തെ താരം. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിൽ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്.
ബിജെപി കേന്ദ്രനേതാക്കളുടെ വലിയ നിര പ്രചാരണത്തിനെത്തിയതോടെയാണ് പതിവില്ലാത്തവിധം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചത്. സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന ടിആർഎസ് ആധിപത്യം തുടരുമോ? കാടിളക്കിയുള്ള പ്രചാരണം ബിജെപിക്ക് നേട്ടം സമ്മാനിക്കുമോ? വോട്ടെണ്ണൽ ദിനത്തിലെ പ്രധാന ചോദ്യങ്ങള്‍ ഇവയാണ്.
നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായി രാവിലെമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. പോളിംഗ് കുറയാന്‍ കാരണം ടിആർഎസാണെന്ന് ബിജെപി ആരോപിച്ചു. എഐഎംഐഎം പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും രണ്ട് വാർഡുകളില്‍ റീപോളിംഗ് വേണമെന്നും ആവശ്യപ്പെടുന്നു.
അതേസമയം വോട്ടെണ്ണല്‍ ദിനത്തില്‍ ജാഗ്രത പാലിക്കാൻ വർക്കിംഗ് പ്രസിഡന്‍റ് കെടി രാമറാവു ടിആർഎസ് പ്രവർത്തകർക്ക് നിർദേശം നല്‍കി. ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് ബിജെപി നേർക്കുനേർ പോരാട്ടമാണ്. എഐഎംഐഎം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ.
കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും. എന്നാലും ഉച്ചയോടെ നഗരം ആർക്കൊപ്പമെന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam