ജോലിക്കെത്തി 10 ദിവസം; വീട്ടമ്മയെ കുക്കറുകൊണ്ട് തലക്കടിച്ചു, കഴുത്തറുത്തു കൊന്ന് ജോലിക്കാർ, കുളിയും കഴിഞ്ഞ് മുങ്ങി

Published : Sep 11, 2025, 04:39 PM IST
hyderabad murder

Synopsis

കുക്കര്‍ കൊണ്ട് അടിയേറ്റ് തല തകർന്ന നിലയിൽ ആയിരുന്നു രേണു. ഫ്‌ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണംപോയിട്ടുണ്ട്.

ഹൈദരാബാദ്: ഹൈദരാബാദിൽ പട്ടാപ്പകൽ ക്രൂര കൊലപാതകം. 50കാരിയായ വീട്ടമ്മയെ ഫ്‌ളാറ്റില്‍ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍കൊണ്ട് തലയ്ക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തി. ഹൈദരാബാദിലെ സ്വാന്‍ ലേക്ക് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായ രേണു അഗര്‍വാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീട്ടുജോലിക്കാരായ രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

ബുധനാഴ്ച വൈകീട്ടോടെ രേണുവിനെ 13-ാം നിലയിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. കുക്കര്‍ കൊണ്ട് അടിയേറ്റ് തല തകർന്ന നിലയിൽ ആയിരുന്നു രേണു. ഫ്‌ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണംപോയിട്ടുണ്ട്. പത്തുദിവസം മുൻപ് ഇവരുടെ ഫ്‌ളാറ്റില്‍ ജോലിക്കെത്തിയ ഝാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷയും മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനായ റൗഷാന്‍ എന്നയാളുമാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ ഫ്ലാറ്റിൽ നിന്നും കുളിച്ച് വേഷം മാറിയാണ് രക്ഷപ്പെട്ടത്. 

പ്രതികൾ വീട്ടിലേക്ക് കടക്കുമ്പോൾ രേണു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സ്റ്റീല്‍ ബിസിനസുകാരനായ രേണുവിന്റെ ഭര്‍ത്താവ് അഗര്‍വാളും 26-കാരനായ മകനും ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഫ്‌ളാറ്റില്‍നിന്ന് തങ്ങളുടെ സ്ഥാപനത്തിലേക്ക് പോയി. പിന്നീട് വൈകിട്ട് അഗർവാൾ രേണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും കിട്ടിയില്ല. സംശയം തോന്നിയ അഗര്‍വാള്‍ വീട്ടില്‍ എത്തി വാതിലില്‍ മുട്ടിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. പിന്നീട് ഒരു പ്ലംബറുടെ സഹായത്തോടെ ബാല്‍ക്കണിയിലെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രേണുവിന്റെ കൈയും കാലും കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം വൈകീട്ട് പ്രതികളായ ഹര്‍ഷയും റൌഷാനും അഗർവാളിന്‍റെ ഫ്‌ളാറ്റിലേക്ക് വരുന്നതിന്റെയും തിരികെ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഒരു ഏജന്‍സി മുഖേനയാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ രേണുവിന്റെ ഫ്‌ളാറ്റില്‍ ജോലിക്കെത്തിയത്.ഇതേ അപ്പാര്‍ട്ട്‌മെന്റിലെ 14-ാം നിലയിലുള്ള മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനാണ് റൌഷാൻ. അടിയേറ്റ് വീണ രേണുവിനെ കഴുത്തറുക്കാണ് പ്രതികൾ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം ഇരുവരും റാഞ്ചിയിലേക്ക് രക്ഷപ്പെട്ടെന്നാണ് വിവരമെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്