'അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല'; മിന്നലാക്രമണ ദിവസത്തെക്കുറിച്ച് മോദി

By Web TeamFirst Published Sep 29, 2019, 12:57 PM IST
Highlights

മിന്നലാക്രമണം നടത്തി രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയ ഇന്ത്യന്‍ സൈനികരെ സല്യൂട്ട് ചെയ്യുന്നതായി മോദി പറഞ്ഞു.

ദില്ലി: മിന്നലാക്രമണം നടന്നതിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ അന്നത്തെ ദിവസം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിന്നലാക്രമണം നടന്ന രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് മോദി പറഞ്ഞു. ഒരാഴ്ച നീണ്ട യുഎസ് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച ദില്ലിയില്‍ തിരിചച്ചെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് മോദി മിന്നലാക്രമണത്തെ കുറിച്ച് പരാമര്‍ശിച്ചത്. 

'മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെപ്തംബര്‍ 28 ന് രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. രാത്രി മുഴുവന്‍ ഞാന്‍ ഉണര്‍ന്നിരുന്നു. ടെലിഫോണ്‍ ശബ്ദത്തിനായി ഞാന്‍ കാതോര്‍ത്തിരിക്കുകയായിരുന്നു. മിന്നലാക്രമണത്തിലൂടെ ഇന്ത്യയുടെ ധീര ജവാന്‍മാര്‍ രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തി. ആ രാത്രി ഓര്‍ത്തെടുക്കുമ്പോള്‍ ധീരരായ സൈനികരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു'-  മോദി പറഞ്ഞു.

യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മോദിക്ക് ദില്ലി വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്. 19 സൈനികര്‍ മരണമടഞ്ഞ ഉറി ഭീകരാക്രമണത്തിന് ശേഷമാണ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്. സെപ്തംബര്‍ 29 -ന് രാവിലെയാണ് മിന്നലാക്രമണം നടന്നതായി സൈന്യം അറിയിച്ചത്. 
 

click me!