Latest Videos

നുപുർ ശർമ്മയ്ക്ക് പിന്തുണ, പ്രവാചക നിന്ദാ പരാമർശത്തിൽ മാപ്പുപറയേണ്ടെന്ന് രാജ് താക്കറെ

By Web TeamFirst Published Aug 23, 2022, 3:52 PM IST
Highlights

''നുപുര്‍ ശര്‍മ്മ പറഞ്ഞത് നേരത്തേ സാക്കിർ നായിക്കും പറഞ്ഞതാണ്. ആരും നായിക്കിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നില്ല...''

മുംബൈ : പ്രവാചക നിന്ദാപരാമർശത്തെ തുടർന്ന് വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപുർ ശർമ്മയെ പിന്തുണച്ച് എംഎൻഎസ് നേതാവ് രാജ് താക്കറെ. എല്ലാവരും നുപുർ ശർമ്മയോടെ മാപ്പ് പറയാൻ ആവശ്യപ്പെടുന്നു, എന്നാൽ താൻ പിന്തുണയ്ക്കുകയാണെന്നാണ് രാജ് താക്കറെ പറഞ്ഞത്. എല്ലാവരും നുപുർ ശർമ്മയോടെ മാപ്പ് പറയാൻ ആവശ്യപ്പെടുന്നു, എന്നാൽ ഞാൻ അവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അവരെന്താണോ പറഞ്ഞത് അത് നേരത്തേ സാക്കിർ നായിക്ക് പറഞ്ഞതാണ്. ആരും നായിക്കിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നില്ല. - രാജ് താക്കറെ ഇന്ത്യ ടുഡെയോട് പറഞ്ഞു. 

മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നൂപുർ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നൂപുർ ആരോപിച്ചിരുന്നു. നുപുർ ശർമ്മ നടത്തിയ പ്രവാചക നിന്ദാ പരാമർശം രാജ്യത്തുടനീളം വലിയ വിവാദവും പ്രതിഷേധവുമാണ് ഉണ്ടാക്കിയത്. ചില ​ഗൾഫ് രാജ്യങ്ങളുടെ ഭാ​ഗത്തുനിന്നുള്ള പ്രതിഷേധം നേരിട്ട് അറിയിക്കുകയുമുണ്ടായി. ഇതോടെ നുപുർ ശർമ്മയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയായിരുന്നു. 

അതേസമയം പ്രവാചക നിന്ദാ വിഷയത്തിൽ നൂപുർ ശർമക്ക് പിന്നാലെ വിവാദത്തിലായി മറ്റൊരു ബിജെപി എംഎൽഎ രാജാ സിങ്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎക്കെതിരെ ഹൈദരാബാദിൽ വ്യാപകമായ പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് ഇന്ന് രാവിലെ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബിൽ ഷെയർ ചെയ്ത വീഡിയോയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടെന്നും ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് നിരവധി ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഷീർബാഗിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്ത് റോഡും പ്രതിഷേധക്കാർ ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്കെതിരെയുള്ള വീഡിയോയിലാണ് എംഎൽഎ പ്രവാചക നിന്ദ നടത്തിയതെന്നാണ് ആരോപണം. 

click me!