
മുംബൈ: കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയെ (Priyanaka Gandhi) വെട്ടിലാക്കി യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ മുൻ ചെയർമാൻ റാണാ കപൂറിന്റെ (Rana Kapoor) വെളിപ്പെടുത്തൽ. പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺഗ്രസ് നേതാവായ മുരളി ദേവ്റ നിർബന്ധിച്ചെന്ന് റാണാ കപൂർ ഇഡിയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു. പത്മ പുരസ്കാരം കിട്ടാൻ ഇത് സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പ് നൽകി. ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെയും മുരളി ദേവ്റക്കുമെതിരെയുള്ള മൊഴികളുള്ളത്.
മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് നൽകി. പെയിന്റ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മിലിന്ദ് ദേവ്റ (അന്തരിച്ച മുരളി ദേവ്‌റയുടെ മകൻ) പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വെളിപ്പെടുത്തി.
സോണിയയുടെ ചികിത്സക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സഹായിച്ചെന്നും തന്നെ വേണ്ടരീതിയിൽ പരിഗണിക്കുമെന്നും സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായി കപൂർ ഇഡിയോട് പറഞ്ഞു. മിലിന്ദ് ദേവ്റയാണ് ചിത്രം വാങ്ങാൻ തന്നെ നിരന്തരം പ്രേരിപ്പിച്ചത്. ഇതിനായി വീട്ടിലും ഓഫിസിലും എത്തി. ചിത്രം വാങ്ങാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ നിർബന്ധത്തെ തുടർന്നാണ് രണ്ട് കോടി നൽകി ചിത്രം വാങ്ങിയതെന്നും റാണ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam