ഏഴ് രാജ്യക്കാര്‍ക്ക് കൂടി തുണയായി ഇന്ത്യ; വുഹാനില്‍ നിന്ന് 112 പേരുമായി വ്യോമസേന വിമാനം തിരിച്ചെത്തി

By Web TeamFirst Published Feb 27, 2020, 11:19 AM IST
Highlights

വിമാനം വൈകിയത് ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ഇന്ത്യക്കാര്‍ക്ക് പുറമെ ഏഴ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും ചൈനയില്‍ നിന്ന് വ്യോമസേന വിമാനം ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്

ദില്ലി: കൊറോണ വൈറസ് ഭീതി വിട്ടൊഴിയാത്ത ചൈനയിലെ വുഹാനില്‍ നിന്ന് 112 പേര്‍ അടങ്ങുന്ന സംഘവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം തിരിച്ചെത്തി.കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയ്ക്ക്  ഇന്നലെ സഹായവുമായി പോയ വ്യോമസേനയുടെ സി 17 വിമാനമാണ് തിരിച്ചെത്തിയത്.

വിമാനം വൈകിയത് ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ഇന്ത്യക്കാര്‍ക്ക് പുറമെ ഏഴ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും ചൈനയില്‍ നിന്ന് വ്യോമസേന വിമാനം ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ചൈന, ദക്ഷിണാഫ്രിക്ക, മ‍ഡഗാസ്കര്‍, മ്യാന്മാര്‍, മാലിദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് തിരിച്ചെത്തിയവരില്‍ അധികവും. ഇന്ത്യയില്‍ പ്രവാസി പൗരത്വവുമുള്ള ചൈനീസ് പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. 76 ഇന്ത്യക്കാര്‍, 23 ബംഗ്ലാദേശികള്‍, ആറ് ചൈനക്കാര്‍, മ്യാന്മാറില്‍ നിന്നും മാലിദ്വീപില്‍ നിന്നും രണ്ട് വീതം, യുഎസില്‍ നിന്നും മഡഗാസ്കറില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോരുത്തര്‍ എന്ന നിലയിലാണ് തിരിച്ചെത്തിയവരുടെ കണക്ക്.

ദില്ലിയില്‍ 14 ദിവസത്തെ പ്രത്യേക നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാനാകൂ. മരുന്നും ഉപകരണങ്ങളുമടക്കം 15 ടണ്‍ സാധനങ്ങളുമായാണ് നേരത്തെ വ്യോമസേനയുടെ വിമാനം വുഹാനിലേക്ക് പോയത്. ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ എഴുപതാം വാർഷികത്തില്‍ നല്‍കുന്ന സഹായം അവിടുത്തെ ജനങ്ങളോടുള്ള സ്നേഹത്തിന്‍റെയും ഐക്യദാർഡ്യത്തിന്‍റെയും അടയാളമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. 
 
 

click me!