കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്

By Web TeamFirst Published Jul 17, 2019, 5:46 AM IST
Highlights

ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി വരാനിരിക്കുന്നത്.

ഹേഗ്: പാകിസ്ഥാൻ ജയിലിൽ കഴിയുന്ന കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാകും കോടതി വിധി പറയുക. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി വരാനിരിക്കുന്നത്.

മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ 2016 മാർച്ച് മൂന്നിനാണ് അറിയിച്ചത്. ഇറാനിൽ നിന്ന് ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചാരപ്രവർത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ പാകിസ്ഥാൻ സൈനിക കോടതി വിധിച്ചത്. മെയ് മാസത്തിൽ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചു. നയതന്ത്രതല സഹായം കുൽഭൂഷൺ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസിൽ ഇന്ന് വിധി പറയുന്നത്. കൂൽഭൂഷൺ ജാദവിന്‍റെ മോചനം സാധ്യമാക്കുന്ന തീരുമാനം നീതിന്യായ കോടതിയിൽ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിദേശകാര്യ ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്.

click me!