രോഹിത് വെമുലയുടെ പിന്‍ഗാമിയോ ചാള്‍സ്; ദുരൂഹത ബാക്കിയാക്കി ഐഐടി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ

By Web TeamFirst Published Jul 16, 2019, 7:29 PM IST
Highlights

പ്രൊജക്ടിന്‍റെ അവസാന ഭാഗത്തെത്തുമ്പോഴേക്കും രാജ്യത്തിന്‍റെ രാഷ്ട്രീയ മാറ്റത്തില്‍ ചാള്‍സ് അതീവ ആശങ്കാകുലനായിരുന്നുവെന്ന് നോവല്‍ വ്യക്തമാക്കുന്നു. എഴുത്തുകളിലെല്ലാം രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായിരുന്നു. ചാള്‍സിന്‍റെ മരണത്തെ തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൂട്ടുകാര്‍.

ഹൈദരാബാദ്:  നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥിയായ വരാണസി സ്വദേശി മാര്‍ക് ആന്‍ഡ്രൂ ചാള്‍സ് ആത്മഹത്യ ചെയ്തത്. ജൂലായ് രണ്ടിനായിരുന്നു സഹപാഠികളെയും കുടുംബത്തെയും ദു:ഖത്തിലാഴ്ത്തി എട്ടുപേജ് കുറിപ്പെഴുതിവച്ച് ചാള്‍സിന്‍റെ ആത്മഹത്യ. 'ഞാനൊരു വിഡ്ഢിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ വീട്ടില്‍നിന്ന് മാറിനിന്നിട്ട്. മികച്ച ഇന്‍സ്റ്റിറ്റ്യൂട്ട്, നല്ല സുഹൃത്തുക്കള്‍. പക്ഷേ ഞാനെല്ലാം പാഴാക്കി'-ചാള്‍സിന്‍റെ ആത്മഹത്യ കുറിപ്പിലെ വരികളാണിത്. മാസ്‌റ്റേഴ്‌സ് ഇന്‍ ഡിസൈന്‍ (എം ഡിസ്) അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ചാള്‍സ്.

പിന്നില്‍ നിരവധി ദുരൂഹതകള്‍ ബാക്കിയാക്കിയാണ് ചാള്‍സ് മരണത്തിലേക്ക് മറഞ്ഞത്. ആത്മഹത്യ കുറിപ്പിനേക്കാള്‍, മരണത്തിലേക്ക് നയിക്കാനുള്ള കാരണം വെളിപ്പെടുത്തുന്നതായിരുന്നു ചാള്‍സിന്‍റെ ഡെസര്‍ട്ടേഷന്‍ പ്രൊജക്ട്. 'ദ സൂപ്പര്‍ ഹീറോ ജേണല്‍സ്' എന്ന ഗ്രാഫിക് നോവലാണ് ഡെസര്‍ട്ടേഷനായി ചാള്‍സ് തയ്യാറാക്കിയത്. ഉത്തര്‍പ്രദേശിലെ വരാണസി കേന്ദ്രമാക്കിയാണ് ചാള്‍സ് നോവല്‍ വരച്ചത്. മുഖംമൂടിയണിഞ്ഞ മതനേതാവിന്‍റെ അഴിമതി നിറഞ്ഞ ഭരണത്തില്‍നിന്ന് നാടിനെ രക്ഷിച്ച് സൂപ്പര്‍ ഹീറോയാകുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ഗ്രാഫിക് നോവലില്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ ഡി സി സൂപ്പര്‍ ഹീറോ മാതൃകയിലാണ് എട്ട് ഭാഗങ്ങളായി ചാള്‍സ് 'സൂപ്പര്‍ ഹീറോ ജേര്‍ണല്‍സ്' തയ്യാറാക്കിയത്. 

കഥാനായകരിലൊരാളായ ഇഷാന്‍ ദുസ്വപ്നം കണ്ടുണരുന്നതും അനീതിക്കെതിരെ പോരാടാന്‍ തീരുമാനിക്കുന്നതുമാണ് തുടക്കം. വരാണസിയാണ് കഥാപശ്ചാത്തലം. അഴിമതിക്കാരനായ ഇന്‍സ്‌പെക്ടര്‍ വിശ്വാസ് താക്കൂര്‍, പടിഞ്ഞാറന്‍ യുപിയിലെ എംഎഎല്‍എ ബകൂക് പാണ്ഡെ,  ഇവരെ നയിക്കുന്ന ദുഷ്ടനായ സന്ന്യാസി വിഷ്-റിഷി എന്നിവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സന്ന്യാസിയുടെ മുഖം നായയുടെ തലയോട്ടിയാല്‍ മറച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ വയലറ്റ് എന്ന പേരുള്ള വിശാഖ സിംഗ് എന്ന പെണ്‍കുട്ടി, ഷോര്‍ട് ജാം എന്നറിയപ്പെടുന്ന റിഷബ് കുമാര്‍, ഒമേഗ എന്നറിയപ്പെടുന്ന രവി മിശ്ര, മെടാഷോക് എന്നറിയപ്പെടുന്ന ഇഷാന്‍ എന്നിവര്‍ നടത്തുന്ന പോരാട്ടമാണ് ഗ്രാഫിക് നോവലിന്‍റെ ഇതിവൃത്തം. പലയിടത്തും കുറിക്കുകൊള്ളുന്ന രാഷ്ട്രീയ, സാമൂഹ്യ വിമര്‍ശനങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെയും ചാള്‍സ് നോവലില്‍ വിമര്‍ശന വിധേയമാക്കുന്നു. 

പ്രൊജക്ടിന്‍റെ അവസാന ഭാഗത്തെത്തുമ്പോഴേക്കും രാജ്യത്തിന്‍റെ രാഷ്ട്രീയ മാറ്റത്തില്‍ ചാള്‍സ് അതീവ ആശങ്കാകുലനായിരുന്നുവെന്ന് നോവല്‍ വ്യക്തമാക്കുന്നു. എഴുത്തുകളിലെല്ലാം രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായിരുന്നു. ചാള്‍സിന്‍റെ മരണത്തെ തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൂട്ടുകാര്‍. 
പ്രൊജക്ട് സമര്‍പ്പിക്കേണ്ടതിന് മൂന്ന് ദിവസം മുമ്പാണ് ചാള്‍സ് ജീവിതം അവസാനിപ്പിച്ചത്. രണ്ടാം വര്‍ഷത്തില്‍ ചാള്‍സിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. പഠനത്തിലോ മറ്റ് കാര്യങ്ങളിലോ ചാള്‍സിന് കുടുംബത്തില്‍നിന്ന് സമ്മര്‍ദങ്ങളൊന്നുമുണ്ടായിരുന്നില്ല. സാഹചര്യം പരിശോധിക്കുമ്പോള്‍ ചാള്‍സിന്‍റെ മരണം ഒരുപാട് ദുരൂഹതകളുണ്ടാക്കുന്നുവെന്ന് അന്വേഷിക്കുന്ന പൊലീസും പറയുന്നു. 

മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ചാള്‍സെന്ന് പരിചയക്കാരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. പ്ലസ് ടുവിന് 82 ശതമാനം മാര്‍ക്കോടെ വിജയിച്ചു.  അധ്യാപകരായ നിര്‍മാല്യ ചൗധരി, അബ്രിയാന്‍ ഡേവിഡ് ചാള്‍സ് എന്നിവരാണ് മാതാപിതാക്കള്‍. സംഗീതജ്ഞനും ചിത്രകാരനുമായിരുന്നു ചാള്‍സ്. ചാള്‍സിന്‍റെ മ്യൂസിക് വീഡിയോ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യ മാറ്റത്തിലുള്ള നൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. രോഹിത് വെമുലക്ക് ശേഷം രാഷ്ട്രീയ കാരണത്താല്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയായും ചാള്‍സിനെ പലരും ഉയര്‍ത്തിക്കാട്ടുന്നു. ഓണ്‍ലൈന്‍ വെബ്സൈറ്റായ ഹഫ്പോസ്റ്റാണ് ചാള്‍സിന്‍റെ ആത്മഹത്യ വിശദമായി റിപ്പോര്‍ട്ട് ചെയ്തത്. https://www.huffingtonpost.in/entry/iit-student-suicide-indian-politics-superhero-journals_in_5d2c7932e4b0bd7d1e1fea6a

click me!