ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം തുടങ്ങി

By Web TeamFirst Published Dec 11, 2020, 6:34 AM IST
Highlights

സർക്കാർ - സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വൈകിട്ട് ആറ് വരെയാണ്. ഒപികൾ പ്രവർത്തിക്കുന്നില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല.

ദില്ലി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സർക്കാർ - സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വൈകിട്ട് ആറ് വരെയാണ്. ഒപികൾ പ്രവർത്തിക്കുന്നില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടാകുമെന്നും കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും IMA വ്യക്തമാക്കി.

കൊവിഡ് ആശുപത്രികളെല്ലാം പ്രവർത്തിക്കും. ദില്ലി എംയിസ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾ കൊവിഡ് ആശുപത്രികളായതിനാൽ കറുത്ത ബാഡ്ജ് കുത്തി ഇവിടുത്തെ ഡോക്ടർമാർ പ്രതിഷേധിക്കും. 

ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകൾ നടത്താണ് കേന്ദ്ര സർക്കാർ അനുമതിയാണ് വിവാദമായിരിക്കുന്നത്. 

ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ആയുര്‍വേദത്തിൽ യോഗ്യതയുള്ളവരില്ലാത്തതിനാല്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണമെന്നാണ് നിർദ്ദേശം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്. 

പ്രസവ ശസ്ത്രക്രിയയില്‍ പരിശീലനം നൽകാനുള്ള നീക്കത്തെ നേരത്തെ തന്നെ ഐഎംഎ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ച കേസിപ്പോള്‍ കോടതി പരിഗണനയിലാണ്. ഇന്നത്തെ സമരം സൂചനയായാണ് കണക്കാക്കുന്നത്. തീരുമാനം മാറ്റിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളാണ് ഐഎംഎ പരിഗണിക്കുന്നത്.

click me!