
ദില്ലി: ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച് യുഎന്നിൽ ഇന്നലെ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ മറുപടി നൽകി. ഉസാമ ബിൻ ലാദനെ സംരക്ഷിച്ചത് പാക്കിസ്ഥാനാണെന്ന് കുറ്റപ്പെടുത്തിയ സ്നേഹ, മധ്യസ്ഥത വഹിക്കാനെന്ന പേരിൽ അഫ്ഗാനിൽ കലാപത്തിനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും പറഞ്ഞു.
'ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി യുഎൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരവാദികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല,'- സ്നേഹ ദുബെ കുറ്റപ്പെടുത്തി.
'ഭീകരവാദികൾക്ക് പിന്തുണയും പരിശീലനവും സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്ന രാജ്യമായി ആഗോളതലത്തിൽ തന്നെ ദുഷ്കീർത്തി നേടിയ രാജ്യമാണ് പാക്കിസ്ഥാൻ. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങിനെ തന്നെയായിരിക്കും. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങൾ അടിയന്തിരമായി വിട്ട് പാക്കിസ്ഥാൻ തിരിച്ചുപോകണം,'- സ്നേഹ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, ഈ പ്രസംഗത്തിന് മോദിയും മറുപടി നൽകിയേക്കും. ഇമ്രാൻ ഖാന്റെ പ്രതികരണത്തിന് പിന്നാലെ യുഎന്നിൽ മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam