ഭീതി വിതച്ച് ധാരാവി; 13 പേർക്ക് കൂടി കൊവിഡ്; ആകെ ​രോ​ഗികൾ 288; സ്വകാര്യ ക്ലിനിക്കുകള്‍ തുറന്നു

By Web TeamFirst Published Apr 28, 2020, 4:06 PM IST
Highlights

കോവിഡ് ബാധിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായി 350 സ്വകാര്യ ക്ലിനിക്കുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. 
 

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് വിശേഷ‌ണമുള്ള ധാരാവിയിൽ പുതിയതായി 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 288 ആയി. 34 കൊവിഡ് രോഗികളെ ഞായറാഴ്ച കണ്ടെത്തിയിരുന്നു. 14 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായി 350 സ്വകാര്യ ക്ലിനിക്കുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. 

1068 നഴ്‌സിങ് ഹോമുകളാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി മുംബൈയിലാകെ തുറന്ന്  പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ഏപ്രിൽ 1നാണ് ധാരാവിയിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം പേരിന് മാത്രമാണ് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാർക്കറ്റുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ധാരാവിയിൽ കൊവിഡ് പരിശോധനയ്‌ക്കെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. 

ഇതോടൊപ്പം ധാരാവിയിൽ ജോലി ചെയ്ത ആറ് പൊലീസുകാരും രോ​ഗബാധിതരായിരിക്കുകയാണ്. കൊവിഡ് പ്രതിരോധമേഖലയിൽ ജോലി ചെയ്യുന്ന കൂടുതൽ പേരിലേക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുംബൈ പൊലീസിലെ 55 വയസിന് മുകളിലുള്ളവരോടും ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരോടും ജോലിയിൽ നിന്ന് അവധിയെടുക്കാൻ അധികൃതർ നിർദ്ദേശം നൽകി. മുംബൈയിൽ ഇതുവരെ മൂന്ന് പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂവരും 50 വയസിന് മുകളിൽ പ്രായമുള്ളവരായിരുന്നു. 

 

click me!