
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ. യുഎൻ പട്ടികയിലുള്ള ഭീകരർ പാകിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് തരുമോ എന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി വിദിശ മൈത്ര ചേദിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭീകരവാദത്തെ ന്യായീകരിക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.
ഉസാമ ബിൻലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാൻ ഖാനെന്നും കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. വിദ്വേഷ പ്രസംഗമാണ് ഇമ്രാൻ ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രധാനമായും ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിന് ഒരു ദർശനം പകരാനാണ് സാധാരണ നേതാക്കൾ ഐക്യരാഷ്ട്ര സഭയെ ഉപയോഗിക്കുന്നതെന്നും ആ വേദി ദുരുപയോഗം ചെയ്യുന്ന പാകിസ്ഥാനെയാണ് ഇന്നലെ കണ്ടതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു രാജ്യതന്ത്രജ്ഞന്‍റെ പ്രസംഗമല്ല, മറിച്ച് യുദ്ധത്തിന്റെ വക്കോളം കാര്യങ്ങൾ എത്തിക്കുന്ന ഒരു വ്യക്തിയുടെ പ്രസംഗമായിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദം വ്യവസായമാക്കിയ രാജ്യം എന്തിന് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്നും ഇന്ത്യ ചോദിച്ചു.
ജമ്മു കശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനം അവിടുത്തെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ തന്നെ ഭീകരരായി മുദ്രകുത്തിയിട്ടുള്ള 130 പേർ ഇപ്പോഴും പാകിസ്ഥാനിൽ ഉണ്ട്. ഉസാമ ബിൻലാദനെ ന്യായീകരിച്ച വിഷയത്തിൽ ഇമ്രാൻ ഖാൻ ന്യൂയോർക്കിലെ ജനങ്ങളോട് മറുപടി നൽകണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇമ്രാൻ ഖാൻ ഇന്നലെ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞിരുന്നു. ഇത് പരിശോധിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയിലെ നിരീക്ഷകരെ അനുവദിക്കാമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ വാക്കുകൾ പാകിസ്ഥാൻ പാലിക്കുമോ എന്ന് ലോകം ഉറ്റുനോക്കുമെന്നും ഇന്ത്യ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.
കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നുവെന്നും കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചും ഇന്നലെ ഇമ്രാൻ ഖാന്റെ പരാമർശം ഉണ്ടായിരുന്നു.
ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കാതിരുന്ന മോദി, ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഭിന്നിക്കുന്നത് യുഎൻ ആശയത്തിന് വിരുദ്ധമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam