
കശ്‍മീര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഉത്സവകാലം ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ബാരാമുള്ളയിലെ നമ്പാല സെക്ടറില്‍ ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയത്. സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആദ്യം ഷെല്ലാക്രമണം നടത്തിയത്. പിന്നാലെ ഗ്രാമങ്ങളയും ഉന്നമിട്ടു. ഉറി മേഖലയില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. കേരാന്‍ മേഖലയില്‍ നടന്ന വെടിവയ്പിലാണ് ബിഎസ്എഫ് ജവാനായ രാകേഷ് ദോവല്‍ വീരമൃത്യു വരിച്ചത്. ഉറിയിലെ ഹാജിപീര്‍ സെക്ടറില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഗ്രാമീണരും മരിച്ചിരുന്നു.
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ ഇന്നലെ രണ്ട് എസ്എസ് ജി കമാന്‍ഡോകള്‍ ഉള്‍പ്പടെ എട്ട് പാക്സൈനികര്‍ കൊല്ലപ്പെട്ടു. പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പാക് സൈനികര്‍ വരെ കൊല്ലപ്പെട്ടതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 12 പാക് സൈനികര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ജമ്മുകശ്‍മീര്‍ പുനസംഘടനക്ക് ശേഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്നതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ മാത്രം 4052 തവണ കരാര്‍ ലംഘനം പാകിസ്ഥാന്‍ നടത്തിയെന്നാണ് സൈനിക വൃത്തങ്ങളുടെ കണക്കുകളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam