യുദ്ധമുഖങ്ങളിലെ മുന്നണിപ്പോരാളി; 'അമേരിക്കന്‍ അപ്പാഷെ' ഇനി ഇന്ത്യൻ വ്യോമസേനയുടെ ഭാ​ഗം

By Web TeamFirst Published Sep 3, 2019, 11:01 AM IST
Highlights

ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിലെത്തിയ എട്ട് അപ്പാഷെ ഹെലിക്കോപ്റ്ററുകൾ ഔദ്യോ​ഗികമായ കൈമാറുന്ന ചടങ്ങാണ് പത്താൻകോട്ട് വ്യോമസേനത്താവളത്തിൽ നടക്കുന്നത്. വാട്ടർ സല്യൂട്ട് നൽകിയാണ് ഹെലിക്കോപ്റ്ററുകളെ സൈന്യം തങ്ങളുടെ ഭാ​ഗമായി സ്വീകരിച്ചത്.

പഞ്ചാബ്: ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ നിരീക്ഷണം സാധ്യമാക്കുന്ന അമേരിക്കൻ ഹെലികോപ്റ്ററായ അപ്പാഷെ വ്യോമസേനയ്ക്ക് കൈമാറുന്ന ചടങ്ങുകൾ പുരോ​ഗമിക്കുന്നു. ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിലെത്തിയ എട്ട് അപ്പാഷെ ഹെലിക്കോപ്റ്ററുകൾ ഔദ്യോ​ഗികമായ കൈമാറുന്ന ചടങ്ങാണ് പത്താൻകോട്ട് വ്യോമസേനത്താവളത്തിൽ നടക്കുന്നത്. വാട്ടർ സല്യൂട്ട് നൽകിയാണ് ഹെലിക്കോപ്റ്ററുകളെ സൈന്യം തങ്ങളുടെ ഭാ​ഗമായി സ്വീകരിച്ചത്.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, എയർ ചീഫ് മാർഷൽ ബി എസ് ധനോവ, വെസ്റ്റേൺ എയർമാർഷൽ ആർ നമ്പ്യാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ, അമേരിക്ക ഉൾപ്പെടെ ലോകത്തെ 14 രാജ്യങ്ങളുടെ ഭാഗമായ മികച്ച പ്രതിരോധ ഹെലികോപ്റ്ററുകൾ എന്ന് വിലയിരുത്തപ്പെടുന്ന അപ്പാഷെ ഇന്ത്യയ്ക്കും സ്വന്തമായിരിക്കുകയാണ്.

യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളികളിലൊന്നായ അപ്പാഷെ ഹെലികോപ്റ്ററുകൾക്കുള്ള കരാർ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും അമേരിക്കും തമ്മിൽ ഒപ്പുവച്ചത്. 22 അപാഷെ ഹെലികോപ്റ്ററുകൾക്കായിരുന്നു കരാർ ഒപ്പിട്ടത്. മേയിൽ, ആദ്യത്തെ അപ്പാഷെ ഹെലിക്കോപ്റ്റർ അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

യുഎസ് ആയുധ നിര്‍മ്മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്നത്. ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമാണ് എന്നതാണ് അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകത. ആകാശ യുദ്ധത്തിലോ കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ അപ്പാഷെ ഹെലികോപ്റ്ററുകൾക്ക് സാധിക്കും.

അപ്പാഷെ ഗാര്‍ഡിയന്‍ എ എച്ച്-64 E(1) എന്നാണ് ഹെലികോപറ്ററിന്റെ മുഴുവന്‍ പേര്. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സേനയെ സഹായിക്കും എന്നതിനാലാണ് ഇന്ത്യ അപ്പാഷെ ഹെലിക്കോപ്റ്ററുകൾ സ്വന്തമാക്കിയത്. കൂടുതല്‍ സൈനികരെയും ആയുധങ്ങളെയും ഇന്ധനവുമൊക്കെ വളരെ പെട്ടെന്ന്‌ യുദ്ധമുഖത്തേക്കെത്തിക്കാന്‍ സഹായിക്കുന്ന ചിനൂക് ഹെലികോപ്റ്ററുകള്‍ നേരത്തെ വ്യോമസേന ബോയിങ്ങില്‍ നിന്ന്  വാങ്ങിയിരുന്നു. 

ശത്രു പീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെയ്ക്ക് സാധിക്കും. രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ കോപ്റ്ററിൽ രണ്ടു പേർക്കിരിക്ക് ഇരിക്കാനാകും. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിന്റെ ചുമതല. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമാണു കോപ്റ്ററിന്റേത്.

click me!