
ദില്ലി: ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ത്ഥി തലസ്ഥാനമായി മാറ്റാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക പുറത്തിറക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയിൽ അനര്‍ഹരായ നിരവധിപേര്‍ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക ജൂലായ് 31-ന് പുറത്തിറക്കാനാകില്ലെന്നും സമയപരിധി നീട്ടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൗരത്വ രജിസ്റ്റര്‍ പട്ടിക തയ്യാറാക്കുന്നതിൽ ക്രമക്കേട് നടത്തി. അതിനാൽ അന്തിമ കരട് പട്ടിക വീണ്ടും പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, അന്തിമ പട്ടിക പുറത്തിറക്കാനുള്ള അവസാന തീയ്യതി മാറ്റുന്ന കാര്യം വരുന്ന ചൊവ്വാഴ്ച പരിശോധിക്കാമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ അറിയിച്ചു. മറ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൂടി പരിശോധിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും രണ്ടാം മോദി സർക്കാർ അധികാരത്തില്‍ ഏറിയപ്പോഴുള്ള നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam