ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം; ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്‍റ്

By Web TeamFirst Published Jan 26, 2020, 6:06 AM IST
Highlights

ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും.

ദില്ലി: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 9 മണിയോടെ രാജ്പഥിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ തുടങ്ങും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സർക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 എന്നീ വർഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തിൽ ബ്രസീലിയൻ പ്രസിഡന്റുമാർക്ക് ആതിഥ്യമരുളിയിരുന്നു.

ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങൾ. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും ഉണ്ടാകും. 

സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകൾ. ആശയപരമായ എതിര്‍പ്പുകൾ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്ളിക് ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കേവിന്ദിന്‍റെ സന്ദേശം. മൻകി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു. 

click me!