വ്യോമ-കരസേനാ മേധാവികൾ ലഡാക്കിൽ, നിയന്ത്രണരേഖയ്ക്കടുത്തെ മലനിരകളിൽ സൈന്യം, പിൻമാറില്ലെന്ന് ചൈനയോട് ഇന്ത്യ

By Web TeamFirst Published Sep 3, 2020, 3:45 PM IST
Highlights

ഏതു നീക്കത്തിനും സജ്ജമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യോമസേന മേധാവിയെ അറിയിച്ചു. സംഘർഷാവസ്ഥ തുടരവെയാണ് ലഡാക്കിൽ ഇന്ത്യൽ വ്യോമ-കരസേനാ മേധാവികളുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. 

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിൽ സംഘർഷാ സാധ്യത നിലനിൽക്കേ, കരസേനാ മേധാവി എംഎം നരവനെയ്ക്ക് പിന്നാലെ വ്യോമസേനാ മേധാവിയും ലഡാക്കിൽ. എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ ലഡാക്കിലെത്തി അതിർത്തിക്കടുത്തെ സാഹചര്യം വിലയിരുത്തി. ഏതു നീക്കത്തിനും സജ്ജമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യോമസേന മേധാവിയെ അറിയിച്ചു. സംഘർഷാവസ്ഥ തുടരവെയാണ് ലഡാക്കിൽ ഇന്ത്യൽ വ്യോമ-കരസേനാ മേധാവികളുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. 

അതിനിടെ നിയന്ത്രണരേഖയ്ക്കടുത്ത് കൂടുതൽ മലനിരകളിൽ സേനയെ വിന്യസിച്ച ഇന്ത്യ പിൻമാറില്ലെന്ന് ചൈനയെ അറിയിച്ചു. ദെംചോക് മുതൽ ചുമാർ വരെ പലയിടത്തും ഉയരങ്ങളിലേക്ക് സൈന്യത്തെ വിന്യസിച്ചു. ടാങ്ക് വേധ മിസൈൽ ഉൾപ്പടെ എത്തിച്ചാണ് ഇന്ത്യയുടെ വിന്യാസം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും രണ്ടു തവണ അതിർത്തി ലംഘിക്കാൻ ചൈന ശ്രമിച്ചത് ഇന്ത്യ ചെറുത്തിരുന്നു. ചൈനയുടെ നീക്കം പ്രതിരോധിച്ച ഇന്ത്യ കൂടുതൽ മലനിരകളിൽ സേനയെ നിയോഗിച്ചു. ഇതുവരെ കടക്കാത്ത പ്രദേശങ്ങളിൽ ചൈനീസ് ടാങ്കുകൾ തകർക്കാൻ കഴിയുന്ന മിസൈലുകൾ വരെ എത്തിച്ചാണ് ഇന്ത്യയുടെ പ്രതിരോധം.

ചൈനീസ് സേന ടാങ്കുകൾ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ. ദെപ്സാങ് മുതൽ ചുമാർ വരെയുള്ള മേഖലകളിൽ പലയിടത്തും ഇത്തരത്തിലുള്ള നിരീക്ഷണം ശക്തമാക്കി. ഇന്ത്യ തന്ത്രപ്രധാന പോയിൻറുകളിൽ കയറിയത് ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യ പിൻമാറണമെന്ന് മുന്നു ദിവസമായി നടന്ന കമാൻഡർമാരുടെ യോഗത്തിൽ ചൈന ആവശ്യപ്പെട്ടു. പിൻമാറ്റം ഇപ്പോൾ സാധ്യമല്ലെന്നും ആദ്യം ചൈന നേരത്തെയുള്ള ധാരണ പ്രകാരം സേനയെ പിൻവലിക്കണമെന്നും ഇന്ത്യ നിലപാടെടുത്തു. 

click me!