
ദില്ലി: രാജ്യത്തെ വിവിധയിടങ്ങളിൽ ഉണ്ടായ വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ ഉൾപ്പടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെറുത്തു തോല്‍പിക്കാന്‍ സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപി അടക്കം രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ വെട്ടുകിളികളുടെ ആക്രമണം രൂക്ഷമായിരുന്നു. സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെ അതിവേഗം വ്യാപിച്ചിരുന്ന വെട്ടുകിളികളെ നിയന്ത്രിക്കാൻ സാധ്യമായിരുന്നില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് ശാസ്ത്രീയമായ രീതിയിലാണെന്നും വലിയ വിജയമാണ് നേടിയതെന്നും മോദി പറഞ്ഞു.
വെട്ടുകിളികളില്‍ നിന്ന് കാര്‍ഷികവിളകളെ രക്ഷിക്കാൻ യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഒട്ടേറെ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും പ്രത്യേകം തയ്യാറാക്കിയ സ്പ്രേ മെഷീനുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വൃക്ഷങ്ങളെ വെട്ടുകിളി ആക്രമണത്തില്‍ നിന്ന് രക്ഷിക്കാൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുവെന്നും മോദി പറയുന്നു. ഇത് ഭീമമായ നഷ്ടത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാൻ സഹായിച്ചു. കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam