
ലേ: ലഡാക്കില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ ദിവസങ്ങള്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് സമീപം ചൈനീസ് വിമാനങ്ങള്‍ പറന്ന സംഭവത്തിന് ശേഷമാണ് ശത്രുവിന്റെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും അതിവേഗത്തിൽ തകർക്കാൻ ശേഷിയുള്ള 'ആകാശ്' മിസൈലുകള്‍ ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചത്.
ചൈനീസ് ഭാഗത്തു നിന്നു ഏതെങ്കിലും തരത്തിലുള്ള വ്യോമ ഭീഷണിയുണ്ടായാൽ നേരിടാൻ ലക്ഷ്യമിട്ടാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഡാക്കിൽ വിന്യസിച്ചിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്താനുളള റഡാർ സംവിധാനങ്ങളും ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
ചൈനീസ് വ്യോമസേന സിൻജിയാങ്ങിലെ ഹോതാൻ വ്യോമതാവളത്തിൽ അത്യാധുനിക പോർവിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യൻ പ്രദേശത്തിനടുത്ത് ചൈനയുടെ സുഖോയ് -30 പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈന കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിലാണ് സുഖോയ് 30 ഉൾപ്പെടെയുള്ള പോർവിമാനങ്ങൾ വിന്യസിച്ചത്. ചൈനീസ് ഹെലികോപ്റ്ററുകളും അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഇന്ത്യൻ വ്യോമസേന സുഖോയ് -30 എംകെഐ, മിറാഷ് 2000, ജാഗ്വാർ യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വിവിധ വ്യോമതാവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ ലെഹ്, ശ്രീനഗർ വ്യോമ താവളങ്ങൾ സന്ദർശിച്ചിരുന്നു.
അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളും ഡ്രോണുകളും ഏതാനും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുളളതാണ് ആകാശ് മിസൈലുകൾ. ഉയർന്ന പർവതപ്രദേശങ്ങളിൽ വിന്യസിക്കുന്നതിന് അനുയോജ്യമായ രീതിയിൽ ഇത് പരിഷ്‌ക്കരിച്ചതാണ്. സുഖോയ് പോർവിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ അതിര്‍ത്തിയില്‍ ഇന്ത്യ വ്യോമ നിരീക്ഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam