'നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പക്ഷേ...'; പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ഇന്ത്യയുടെ മറുപടി

By Web TeamFirst Published Jan 19, 2023, 6:43 PM IST
Highlights

നല്ല അയൽ ബന്ധം യാഥാർത്ഥ്യമാകണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷമുണ്ടാകണമെന്നും പാക്കിസ്ഥാനെ ഇന്ത്യ ഓർമ്മിപ്പിച്ചു

ദില്ലി: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ പ്രസ്താവനയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ മറുപടി. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന് മറുപടി നൽകി. നല്ല അയൽ ബന്ധം യാഥാർത്ഥ്യമാകണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷമുണ്ടാകണമെന്നും പാക്കിസ്ഥാനെ ഇന്ത്യ ഓർമ്മിപ്പിച്ചു. കശ്മീരിന്‍റെയടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നും പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.

മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി; കശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ച

നേരത്തെ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആദ്യം പറഞ്ഞ പാക്ക് പ്രധാനമന്ത്രി പിന്നീട് കശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന മലക്കം മറിച്ചിലും നടത്തിയിരുന്നു. കശ്മീർ വിഷയത്തിലടക്കം തുറന്ന ചർച്ചക്ക് തയ്യാറെന്ന ഷഹബാസ് ഷെരീഫിന്‍റെ ആദ്യ പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് വന്നത്.

അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ച് ആദ്യം രംഗത്തെത്തിയത്. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ച് ഷഹബാസ് ഷെരീഫ് രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും അയൽക്കാരാണെന്നും എല്ലാക്കാലത്തും അടുത്തടുത്ത് കഴിയേണ്ടവരാണെന്നും കലഹമല്ല വികസനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സമാധാനം പുലരാനായി ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയ്യാറാണെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഷഹബാസ് ഷെരീഫിന്‍റെ പ്രസ്താവനയ്ക്കാണ് ഇന്ന് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.

click me!