കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് തലവേദനയായി അതി‍ർത്തിയിലെ സംഘ‍ർഷം

By Web TeamFirst Published May 21, 2020, 1:46 PM IST
Highlights

നേപ്പാളും ചൈനയോടു ചേർന്നു നില്ക്കുന്നതാണ് ഇപ്പോൾ ഇന്ത്യയ്ക്ക് പുതിയ തലവേദന. അതിർത്തിയിൽ ചൈന പാകിസ്ഥാൻ നേപ്പാൾ അച്ചു തണ്ടാണ് മെല്ലെ രൂപം കൊള്ളുന്നത്

ദില്ലി: കൊവിഡ് പ്രതിരോധത്തിനിടെ അതിർത്തിയിലെ സംഘർഷം ഇന്ത്യയ്ക്ക് വൻതലവേദനയാകുന്നു.  ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈന രംഗത്തു വന്നതിനു ശേഷമുള്ള തർക്കം തീർക്കാൻ സൈനിക, നയതന്ത്രതല ചർച്ച ഊർജ്ജിതമാക്കി. ചൈനയും നേപ്പാളും സംയുക്ത നീക്കം നടത്തുന്നതായാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ഗൽവൻ താഴ്വരയിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിൽ പുതിയ തർക്കം ഉന്നയിച്ചുള്ള ചൈനീസ് നീക്കത്തെ തുടർന്നുള്ള സംഘർഷാവസ്ഥ അതേപടി തുടരുന്നു. ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തെയും സൈനികസാന്നിധ്യം കൂട്ടിയിരുന്നു. പനഗാങ് തടാകത്തിൽ നിരീക്ഷണ ഇരുരാജ്യങ്ങളുടെ കൂടുതൽ നിരീക്ഷണ ബോട്ടുകൾ ഇറക്കി. വ്യോമസേനയ്ക്കും ജാഗ്രത നി‍ദ്ദേശം നല്കിയിട്ടുണ്ട്. 

പത്തു കൊല്ലം മുമ്പ് ഇന്ത്യ തുടങ്ങിയ റോഡ് നിർമ്മാണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ചെറു പാതകളിലൊന്നിൽ കൂടാരങ്ങൾ ഉയർത്തി ചൈന തടസ്സമുണ്ടാക്കുകയായിരുന്നു. ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ രണ്ടു തവണ ചർച്ച നടന്നെങ്കിലും വിഷയം പരിഹരിക്കാനായില്ല. വിദേശകാര്യമന്ത്രാലയങ്ങൾക്കിടയിലും ആശയവിനിമയം തുടങ്ങിയെന്നാണ് സൂചന. ചൈന അതിർത്തിയിൽ ആക്രമണഭീഷണി ഉയർത്തുന്നു എന്ന് ആരോപിച്ച അമേരിക്ക ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പമെന്ന സന്ദേശം നല്കിയിരുന്നു. 

എന്നാൽ നേപ്പാളും ചൈനയോടു ചേർന്നു നില്ക്കുന്നതാണ് ഇപ്പോൾ ഇന്ത്യയ്ക്ക് പുതിയ തലവേദന. ഇന്ത്യയിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയ നേപ്പാൾ ചൈനീസ് വൈറസിനെക്കാൾ ഇന്ത്യൻ വൈറസാണ് അപകടകാരിയെന്ന് പറഞ്ഞതും ബന്ധം വഷളാക്കാൻ ഇടയാക്കി. അതിർത്തിയിൽ ചൈന പാകിസ്ഥാൻ നേപ്പാൾ അച്ചു തണ്ടാണ് മെല്ലെ രൂപം കൊള്ളുന്നത്. ലോകാരോഗ്യ സംഘടനയിൽ ചൈനയെ ലക്ഷ്യ വച്ചുള്ള പ്രമേയത്തിനൊപ്പം നിന്നതും ഭീന്നത മൂർച്ഛിക്കാൻ ഇടയാക്കിയിട്ടുണ്ട്. 

click me!