
ദില്ലി : 121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക (GHI) 2022-ൽ 107-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. 2021-ൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്കും പിന്നിലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. ചൈന, തുർക്കി, കുവൈറ്റ് എന്നിവയുൾപ്പെടെ പതിനേഴു രാജ്യങ്ങൾ ജിഎച്ച്‌ഐ സ്‌കോർ അഞ്ചിൽ താഴെയായി ഒന്നാം റാങ്ക് പങ്കിട്ടു. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്റെ വെബ്‌സൈറ്റ് ശനിയാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്.
നരേന്ദ്ര മോദി സർക്കാരിന്റെ 8 വർഷത്തെ ഭരണത്തിൽ 2014 മുതൽ രാജ്യത്തിന്റെ സ്കോർ കൂടുതൽ മോശമാകുകയാണെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് എംപി പി ചിദംബരം പറഞ്ഞു. "കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, വളർച്ചാ മുരടിപ്പ്, തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എപ്പോഴാണ് അഭിസംബോധന ചെയ്യുക?" എന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഐറിഷ് എയ്ഡ് ഏജൻസി കൺസേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ പട്ടിണിയുടെ അളവ് 'ഗുരുതരമാണ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
2021ൽ 116 രാജ്യങ്ങളിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ പട്ടികയിൽ 121 രാജ്യങ്ങൾ ഉള്ളപ്പോൾ അത് 107-ാം റാങ്കിലേക്ക് താഴ്ന്നു. 2000 ൽ 38.8 ആയിരുന്നത് 2014-നും 2022-നും ഇടയിൽ 28.2 - 29.1 എന്ന റേഞ്ചിലേക്ക് ഇന്ത്യയുടെ GHI സ്‌കോറും കുറഞ്ഞു. കഴിഞ്ഞ വർഷം ഈ റിപ്പോർട്ടിനെ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തത് എന്നാണ് വിശേഷിപ്പിച്ചത്. ആഗോള പട്ടിണി സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമാണെന്നും സർക്കാർ ആരോപിച്ചിരുന്നു.
Read More : കൊവിഡ് ദാരിദ്ര്യം വർധിപ്പിച്ചു; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam