
ദില്ലി: ഇന്ത്യ ടെക് ഭീമന്മാരെ ലോകത്തിന് സംഭാവന ചെയ്യുമ്പോൾ പാകിസ്ഥാൻ തീവ്രവാദികളെയാണ് സംഭാവന ചെയ്യുന്നതെന്ന് തേജസ്വി സൂര്യ എംപി. ഓപ്പറേഷൻ സിന്ദൂർ വിശദീകരണ സംഘത്തിൽ ഉൾപ്പെട്ട തേജസ്വി സൂര്യ, പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടി നൽകിയത് അമേരിക്കയിൽ വച്ചാണ്. പാകിസ്ഥാന്റെ സൈനിക ആശ്രയത്വവും ഇന്ത്യയുടെ നേട്ടങ്ങളും ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിലാവൽ ഭൂട്ടോയുടെ സമീപകാല വിമർശനങ്ങൾക്കാണ് തേജസ്വി സൂര്യ മറുപടി നൽകിയത്. ഈ രണ്ട് രാജ്യങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്ന് പറഞ്ഞ തേജസ്വി സൂര്യ, ഇരു രാജ്യത്തു നിന്നും ചില പേരുകൾ ചൂണ്ടിക്കാട്ടി.
"റാംസി യൂസഫ്- 1993ലെ വേൾഡ് ട്രേഡ് സെന്റർ സ്ഫോടനം, ഡേവിഡ് കോൾമാൻ ഹെഡ്‌ലി - 26/11 ഗൂഢാലോചന- ഇവ പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുകളാണ്. ഇനി അഞ്ച് ഇന്ത്യൻ പേരുകൾ- ഇന്ദ്ര നൂയി, സുന്ദർ പിച്ചൈ, അജയ് ബംഗ, സത്യ നാദെല്ല, കാഷ് പട്ടേൽ- അവരെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം അതാണ്. ബിലാവൽ ഭൂട്ടോയുടെ രണ്ട് ദിവസത്തെ യുഎസ് യാത്ര, പാകിസ്ഥാന്‍റെ ട്രാക്ക് റെക്കോർഡ് ഇല്ലാതാക്കില്ല"- തേജസ്വി സൂര്യ പറഞ്ഞു.
പാകിസ്ഥാൻ വിദേശത്ത് ഇരവാദം മഴക്കുകയാണ്. എന്നിട്ട് വിലകുറഞ്ഞ ചൈനീസ് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നു. അവ പൂർണമായും പരാജയപ്പെട്ടു. അതസമയം ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഇറക്കുമതി വൈവിധ്യം നിറഞ്ഞതും തദ്ദേശീയമായി വളരുന്നതുമാണെന്ന് തേജസ്വി സൂര്യ പറഞ്ഞു.
പാകിസ്ഥാനെ സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രമായി ചിത്രീകരിക്കാനുള്ള ബിലാവൽ ഭൂട്ടോയുടെ ശ്രമത്തെ തേജസ്വി സൂര്യ തള്ളിക്കളഞ്ഞു. ഇത് സാത്താൻ വേദമോതുന്നതു പോലെയാണ്. ഫീൽഡ് ജനറൽമാരെ ഫീൽഡ് മാർഷലായി ഉയർത്തിക്കൊണ്ടു വന്ന് വ്യാജ ഹീറോകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന രാജ്യമാണത്. യഥാർത്ഥ നേതാക്കൾ എങ്ങനെയാണെന്ന് അവർക്ക് അറിയില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.