
ദില്ലി: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം അനാവശ്യമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്താവന അനാവശ്യമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഗുരുനാനാക്കിന്‍റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓൺലൈൻ ചടങ്ങിലാണ് ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവിൽ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും ട്രൂഡോ പ്രതികരിച്ചത്. "കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ശ്രദ്ധിക്കുന്നുണ്ട്, നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നായരുന്നു ജസ്റ്റിൻ ട്രൂഡോയുടെ വാക്കുകള്‍.
എന്നാല്‍ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാത്തതാണ് നല്ലതെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ട്രൂഡോയുടെ പരാമർശത്തെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും രംഗത്തെത്തിയിരുന്നു. കർഷക പ്രതിഷേധം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ താത്‌പര്യങ്ങൾക്കായി ഉപയോഗിക്കേണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam