
കൈ കൊണ്ട് തൊടാത്ത 'മാസപ്പടി'
കേരളത്തിൽ ഈ ആഴ്ച ഏറ്റവും വലിയ വിവാദമായി മാറിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട് ഉയർന്ന മാസപ്പടി ആരോപണമാണ്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ വലിയൊരു ആയുധം വീണുകിട്ടിയിട്ടും പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ അത് നിയമസഭയിൽ പോലും ഉന്നയിക്കാത്തതിൽ ആരായാലും മൂക്കത്ത് വിരൽ വച്ചുപോകും. എന്തുകൊണ്ടാണ് വലിയ ഒരു ആരോപണം വീണു കിട്ടിയിട്ടും പ്രതിപക്ഷം കാര്യമായി അത് ഏറ്റെടുക്കാത്തത് എന്ന് സംശയിച്ചിരിന്നവർക്കുള്ള ഉത്തരമാണ് പ്രതിപക്ഷത്തെ വൻ നേതാക്കൾ ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനം നൽകിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുതൽ കുഞ്ഞാലിക്കുട്ടി തുടങ്ങി വലിയ നേതാക്കളെല്ലാം ഒരുമിച്ച് അണിനിരന്നു.എന്തുകൊണ്ട് വീണയുടെ മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ചില്ല? മാധ്യമപ്രവർത്തകരുടെ ചോദ്യം ഉടനടി വന്നു. ഉത്തരം കേട്ടവർക്കൊന്നും പിന്നെ അക്കാര്യത്തിൽ സംശയമുണ്ടാകാൻ വഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയും കൊച്ചിൻ മിനറൽസും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ആരോപണം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ മുന്നണിയിലെ ഉന്നത നേതാക്കളെല്ലാം പാടുപെടുന്നത് കാണാമായിരുന്നു. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതമാണ് ആദ്യം വന്നത്. പാർട്ടിക്ക് വേണ്ടി പണം കൈപ്പറ്റിയതായി കുഞ്ഞാലിക്കുട്ടി തുറന്നുസമ്മതിച്ചു (ഡയറിയിൽ കെ കെ എന്ന് പരാമർശിക്കപ്പെട്ടിരുന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു). പണം കൈപ്പറ്റിയതായി സമ്മതിച്ച കുഞ്ഞാലിക്കുട്ടിയുടെ അടുത്ത മറുപടി ബഹു രസമായിരുന്നു. പണം ഞാൻ കൈപ്പറ്റി, പക്ഷേ, ആ പണം ഞാൻ കൈകൊണ്ട് തൊട്ടിട്ടില്ല, ദയവായി ശ്രദ്ധിക്കുക, എന്റെ കൈകളാൽ തൊട്ടിട്ടില്ല' എന്നായിരുന്നു ഡയറിയിലെ കെ കെ പറഞ്ഞുവച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ന്യായീകരണം പിന്നാലെ വന്നു. 'കൊച്ചിൻ മിനറൽസ് ഉടമകൾ കള്ളക്കടത്തുകാരല്ല, അപ്പോൾ അവരിൽ നിന്ന് ധനസഹായമോ സംഭാവനയോ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? അത്തരം ഫണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും കൈപ്പറ്റാണ്ടുണ്ട്' എന്നായിരുന്നു സതീശൻ. ഈ ഉത്തരങ്ങൾ പറഞ്ഞ നേതാക്കളാണോ, അത് കേട്ട നമ്മളാണോ ഇളിഭ്യരായത് എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള ഉത്തരം കണ്ടെത്തുക പ്രയാസമാകും.
'പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങി, തുക ഓര്‍മ്മയില്ല'; ഒടുവിൽ സമ്മതിച്ച് ചെന്നിത്തല
ട്വൻ്റി 20 മോഹിച്ച് രാഹുൽ
ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് ദേശീയ നേതൃത്വവും വിശേഷിച്ച് രാഹുൽ ഗാന്ധിയും ഏറ്റവും പ്രധാനമായി കണ്ണുവയ്ക്കുന്നത് കർണാടകയിലാണ്. സംസ്ഥാനത്ത് ചരിത്ര വിജയം സമ്മാനിച്ച കർണാടക ജനത ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ പുണരുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാൽ സംസ്ഥാനത്തെ പ്രമുഖരായ മൂന്ന് നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാണ്. അതിനിടയിൽ രാഹുൽ ഗാന്ധി നേരിട്ട് വിഷയത്തിൽ ഇടപെട്ടു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇങ്ങനെ അഭിപ്രായ വ്യത്യാസവുമായി നേതാക്കൾ മുന്നോട്ട് പോകുകയാണെങ്കിൽ 10 സീറ്റ് പോലും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന താക്കീത് രാഹുൽ നൽകിയെന്നും വിവരമുണ്ട്. ഒരേ മനസായി മൂന്ന് നേതാക്കളും പ്രവർത്തിച്ചാൽ 20 സീറ്റ് അനായാസം നേടാമെന്നും രാഹുൽ ഓർമ്മിച്ചെന്നും സൂചനയുണ്ട്. എന്തായാലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും കൂടി 20 സീറ്റെങ്കിലും കർണാടകയിൽ വിജയിപ്പിക്കുമെന്ന പ്രതീക്ഷയാണ് രാഹുലിനുള്ളത്.
'കൈ' വിട്ടുപോകാതിരിക്കാൻ സെഞ്ചുറി അടിക്കണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് ദേശീയ നേതൃത്വം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി സെഞ്ചുറിയെങ്കിലും അടിക്കണമെന്നതാണ്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യമായ 'ഇന്ത്യ' രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മുന്നണിയുടെ ക്യാപ്റ്റൻ ആണെന്ന് വ്യക്തമാക്കാൻ 100 സീറ്റിൽ കുറയാത്ത വിജയം 2024 ൽ ഉണ്ടാകണമെന്ന തിരിച്ചറിവിലാണ് കോൺഗ്രസ്. ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങളും നേതൃത്വം തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ പടിയാണ് കർണാടകയിലെ 20 മോഹം. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് ഹൈക്കമാൻഡ് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കേരളം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ വിജയം നേടിയാൽ സെഞ്ചുറി അടിക്കാമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദില്ലിയിലെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കാൻ ബി ജെ പിയുമായി നേരിട്ട് മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ വിജയം ഉറപ്പാക്കണമെന്ന വെല്ലുവിളിയും ബാക്കിയാണ്. പ്രതിപക്ഷത്തിന്റെ സംയുക്ത പോരാട്ടത്തിൽ ഒരു സെഞ്ചുറിയെങ്കിലും അടിച്ചെടുത്തില്ലെങ്കിൽ പാർട്ടിക്ക് വിലപേശൽ നഷ്ടമാകുമെന്ന ബോധ്യം നേതൃത്വത്തിനുണ്ട്.
സോണിയയുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പരിശ്രമം
ഓരോ പാർലമെൻ്റ് സെഷനുകളും രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം തന്നെ രസകരമായ പല കാഴ്ചകളുടെയും കൂടി വേദിയാണ്. ചിലരൊക്കെ ശ്രദ്ധ പിടിച്ചുപറ്റനായി പരിശ്രമിക്കുന്നതും ഇരു സഭകളിലും ഇടയ്ക്കെങ്കിലും കാണാനാകും. ഇത്തവണ 'അങ്ങനെയൊരു പരിശ്രമം' ശ്രദ്ധയിൽപ്പെട്ടത് ഡി എം കെ അംഗം കനിമൊഴിയുടേതാണ്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യമായ 'ഇന്ത്യ' രൂപീകരിച്ച ശേഷമുള്ള ആദ്യ സമ്മേളനം ആയതുകൊണ്ടാകും കനിമൊഴി ഇത്തരമൊരു പരിശ്രമം കൂടുതലായും നടത്തിയതെന്ന് വിലയിരുത്താം. ഏറെക്കാലമായി പ്രതിപക്ഷ നിരയുടെ അവസാനവാക്കായി തുടരുന്ന സോണിയാ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് കനിമൊഴി പലപ്പോഴും ശ്രമിച്ചത്. ഡി എം കെയുടെ തന്നെ മറ്റൊരു എം പിയായ ദയാനിധി മാരനാണ് സോണിയയുടെ പിന്നിലെ ഇരിപ്പിടം നൽകിയിട്ടുള്ളത്. അതിന് പിന്നിലായുള്ള ഇരിപ്പിടത്തിലാണ് കനിമൊഴിയുടെ സ്ഥാനം. എന്നാൽ കനിമൊഴി പലപ്പോഴും മാരനെ മറികടന്ന് സോണിയയുടെ ശ്രദ്ധ കവരാനായി കനിമൊഴി ശ്രമിക്കുന്നതാണ് ഇക്കുറി കണ്ടത്. കനിമൊഴി മാത്രമല്ല സുപ്രിയ സുലേയും സോണിയയുടെ ശ്രദ്ധ കവരാനായി ഇത്തരം 'പരിശ്രമം' ഇടയ്ക്ക് നടത്തുന്നത് കാണാം.
രാജസ്ഥാൻ പിടിക്കാൻ ബിജെപിക്ക് വീണ്ടും വനിതയോ?
രാജസ്ഥാൻ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ദില്ലിയിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കളം ഒരുങ്ങുകയാണ്. അതിനിടയിലാണ് ദില്ലിയിലെ ബി ജെ പി ചർച്ചകളിൽ രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒരു വനിതയുടെ പേര് നിറയുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നത്. കഴിഞ്ഞയാഴ്ച ബി ജെ പി രാജസ്ഥാനിലെയും അയൽ സംസ്ഥാനങ്ങളിലെയും എം പിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാൻ എം പിയല്ലാത്ത രാജസ്ഥാനിൽ നിന്നുള്ള ഒരു മുതിർന്ന വനിതാ നേതാവിനെ പ്രത്യേകം ക്ഷണിച്ചതോടെയാണ് അഭ്യൂഹം ശക്തമായത്. പാർട്ടിയിലെ രണ്ട് ഉന്നത നേതാക്കൾ ഈ മുതിർന്ന വനിതാ നേതാവുമായി ദീർഘനേരം ചർച്ച നടത്തിയെന്ന കിംവദന്തികൾ അലയടിക്കാൻ തുടങ്ങിയതോടെയാണ് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി വീണ്ടും വനിതയാകുമോ എന്ന സംശയം ബലപ്പെട്ടത്. രാജസ്ഥാനിലെ ഗെലോട്ട് സർക്കാർ നടപ്പിലാക്കുന്ന പല ക്ഷേമ നടപടികളും നേരിടാൻ ശക്തമായ ഒരു മുഖം ആവശ്യമാണെന്ന തിരിച്ചറിവിലാണ് ബി ജെ പി ഉന്നത നേതൃത്വം. അതുകൊണ്ടാണ് മുഖ്യമന്ത്രി ചർച്ചകളിലേക്ക് ഈ വനിതാ നേതാവിന്റെ പേരും ശക്തമായ സാന്നിധ്യമാകുന്നത്. എന്തായാലും തീരുമാനം കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം