
ദില്ലി: ആറുമാസത്തെ നിരോധനത്തിന് ശേഷം ഉള്ളി കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്ന് ഉള്ളി കയറ്റുമതി നിരോധനം നീക്കിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വ്യക്തമാക്കി. കർഷകർക്ക് അനുകൂലമാകുന്നതാണ് കേന്ദ്ര തീരുമാനം. മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ മുമ്പാണ് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനമുണ്ടായതെന്നതും ശ്രദ്ധേയം. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉൽപാദിപ്പിക്കുന്നത്. ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 550 ഡോളറായും നിശ്ചയിച്ചു. ഉള്ളി കയറ്റുമതി നിരോധനം നീക്കണമെന്നായിരുന്നു കർഷകരുടെ പ്രധാന ആവശ്യം. എന്നാൽ, ഉള്ളിയുടെ കയറ്റുമതി ആഭ്യന്തര വിലയിൽ വർധനവിന് കാരണമാകുമെന്നായിരുന്നു സർക്കാർ വാദം.
ഉള്ളി കയറ്റുമതി നിരോധനം മൂലം പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ ഉള്ളി കർഷകരെ നരേന്ദ്ര മോദി സർക്കാർ അവഗണിച്ചതായി കോൺഗ്രസ് കഴിഞ്ഞ മാസം വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് സർക്കാർ ഉള്ളി കയറ്റുമതി 2024 മാർച്ച് 31 വരെ നിരോധിച്ചത്യ ചില രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര സർക്കാർ നിയന്ത്രിതമായി കയറ്റുമതി അനുവദിച്ചു. കഴിഞ്ഞ മാസം, കയറ്റുമതി നിരോധനം വീണ്ടും നീട്ടി. ഉള്ളിയുടെ വില കുതിച്ചുയരുന്നത് തടയാൻ, 2023 ഡിസംബർ 31 വരെ ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വില സർക്കാർ ഏർപ്പെടുത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഉള്ളിയുടെ ലഭ്യത ഉറപ്പാക്കാനായി കയറ്റുമതിക്ക് 40% നികുതി ചുമത്തി. മെയ് മൂന്നിന് ഉള്ളി കയറ്റുമതിക്ക് സർക്കാർ വീണ്ടും 40 ശതമാനം തീരുവ ചുമത്തിയിരുന്നു. 2023-24 വർഷത്തേക്കുള്ള ഉള്ളി ഉൽപ്പാദനം ഏകദേശം 254.73 ലക്ഷം ടണ്ണായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. മുൻവർഷം 302.08 ലക്ഷം ടണ്ണായിരുന്നു ഉൽപാദനം. മഹാരാഷ്ട്രയിൽ 34.31 ലക്ഷം ടണ്ണും കർണാടകയിൽ 9.95 ലക്ഷം ടണ്ണും ആന്ധ്രാപ്രദേശിൽ 3.54 ലക്ഷം ടണ്ണും രാജസ്ഥാനിൽ 3.12 ലക്ഷം ടണ്ണും ഉൽപാദനം കുറയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam