
ദില്ലി: പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനുള്ള തെളിവുകൾ സമർപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ജൂണിൽ നടക്കുന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയുടെ ഉന്നതതല സംഘം പങ്കെടുക്കും. പഹൽഗാം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ പാക് ഇന്‍റലിജൻസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും.
കരിമ്പട്ടികയിലായാൽ ആഗോള സാമ്പത്തിക ഏജൻസികളിൽ നിന്ന് ധനസഹായം സ്വീകരിക്കാൻ പാകിസ്ഥാന് കഴിയില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരതയ്ക്കുള്ള ധനസഹായം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്ന സമിതിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. 2018-ൽ എഫ്എടിഎഫിന്‍റെ കരിമ്പട്ടികയിലായ പാകിസ്ഥാന് പിന്നീട് 2022-ലാണ് വിലക്ക് നീക്കിയത്. നിലവിൽ പാകിസ്ഥാന് നൽകിയ ഐഎംഎഫ് സഹായത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. അതേസമയം, ലോകബാങ്ക് പാകിസ്ഥാന് നൽകാമെന്നുറപ്പ് നൽകിയ തുകയുടെ ആദ്യഗഡു ജൂണിൽ കൈമാറാനിരിക്കുകയാണ്.
അതിനിടെ, ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ തട്ടിൽ കണക്കാക്കുന്ന യുഎസ് നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇരയെയും വേട്ടക്കാരനെയും ഒരു പോലെ കാണുന്ന രീതി ശരിയല്ലെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി വിമര്‍ശിച്ചു. ദില്ലിയിൽ നടന്ന റൈസിന ടോക്യോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് കേന്ദ്രീകൃത ഭീകരവാദത്തിന്‍റെ ഇരയാണ് ഇന്ത്യയെന്നും വിക്രം മിസ്രി പറഞ്ഞു. വിദേശത്തേക്ക് പോയ ഇന്ത്യയുടെ പ്രതിനിധിസംഘങ്ങൾക്ക് കിട്ടുന്നത് വലിയ പിന്തുണയാണ് കിട്ടുന്നതെന്നും വിക്രം മിസ്രി വ്യക്തമാക്കി.