
ദില്ലി: ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനനിരക്കിൽ ഇന്ത്യ നാലാമത്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുകയാണ്. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ടു ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്.
രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്നും വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. രോഗം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വ്വേയുടെ ഫലമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്. നിലവിലുള്ള രോഗബാധിതരുടെ മൂന്നിരട്ടി പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാം. ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. നഗരപ്രദേശങ്ങളിലെ ചേരികളില്‍ രോഗവ്യാപനം അതിതീവ്രമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷത്തി എൺപത്തിരണ്ടായിരം പിന്നിട്ടു. നാല് ലക്ഷത്തി ഇരുപത്തിമൂന്നായിരത്തിലധികം പേര്‍ മരിച്ചു. 4,937 പേരാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മരിച്ചത്. ബ്രസീലിൽ മാത്രം ഇന്നും ആയിരത്തിൽ അധികം പേർ മരിച്ചു. ആകെ രോഗികൾ എട്ട് ലക്ഷം കടന്നു. രോഗവ്യാപനം ഓഹരിവിപണികളിലും പ്രതിഫലിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam