ദില്ലി: പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടിച്ച് വച്ച പാക് അധികൃതർക്കെതിരെ ശക്തമായ പ്രസ്താവന വീണ്ടും പുറത്തിറക്കി ഇന്ത്യ. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ആക്ടിംഗ് സ്ഥാനപതി ഹൈദർ ഷായെ വീണ്ടും ഇന്ത്യ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചു.
ജൂൺ 15, തിങ്കളാഴ്ചയാണ് പാക് ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജൻസികൾ പിടിച്ചുകൊണ്ടുപോയി അനധികൃതമായി പത്ത് മണിക്കറിലധികം കസ്റ്റഡിയിൽ വച്ചതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ ഹൈക്കമ്മീഷനും വിദേശകാര്യമന്ത്രാലയവും ശക്തമായ സമ്മർദ്ദം ചെലുത്തിയ ശേഷമാണ് ഇവരെ വിട്ടയക്കാൻ പാക് ഏജൻസികൾ തയ്യാറായത്. രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെയും ക്രൂരമായ പീഡനത്തിനും ചോദ്യം ചെയ്യലിനും വിധേയരാക്കിയ പാക് അധികൃതർ ഇവരെ കൈയേറ്റം ചെയ്തെന്നും, ഗുരുതരമായ പരിക്കുകളേൽപ്പിച്ചെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
ഇവരെ നിർബന്ധിച്ച് വീഡിയോയ്ക്ക് മുന്നിൽ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി എഴുതിയ രേഖയിൽ ഒപ്പുവയ്പിച്ചു. ഹൈക്കമ്മീഷന്‍റെ വാഹനം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം അനാവശ്യമായി പാകിസ്ഥാനി അധികൃതർ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കുന്നു. നേരത്തേ, ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐഎസ്ഐ പിന്തുടരുന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐഎസ്ഐ അംഗം സഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതമാണ് ഇന്ത്യ പുറത്തുവിട്ടത്. ബൈക്കിലാണ് ഇയാൾ വാഹനത്തെ പിന്തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.
പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥരോട് പാക് അധികൃതരും വിദേശകാര്യമന്ത്രാലയവും വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നും, ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കള്ളക്കേസുകളിൽ ഉദ്യോഗസ്ഥരെ പെടുത്തി ഉപദ്രവിക്കാനുള്ള നീക്കം നടക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.
ഇനിയും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയെന്ന് വ്യക്തമാക്കുന്ന വിദേശകാര്യമന്ത്രാലയം, ഇത്തരത്തിൽ പാക് പ്രകോപനങ്ങളിൽ വീഴില്ലെന്നും വ്യക്തമാക്കുന്നു. അതിർത്തി കടന്നുള്ള തീവ്രവാദം സ്പോൺസർ ചെയ്യുന്ന പാക് പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാനുള്ള പാക് തന്ത്രമാണിതെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam