കടുത്ത നിയന്ത്രണങ്ങൾ; സ്വർണ ഇറക്കുമതി തീരുവ കൂട്ടി, പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയാക്കും, യുപിയിൽ വർക്ക് ഫ്രം ഹോം ഉത്തരവിന് സാധ്യത

Published : May 13, 2026, 08:13 AM IST
Gold

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിയന്ത്രണ ആഹ്വാനത്തിന് പിന്നാലെ സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി കേന്ദ്രം ഉയർത്തി. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനൊപ്പം, ഇന്ധന ഉപയോഗം കുറയ്ക്കാനും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിയന്ത്രണ ആഹ്വാനത്തിന് പിന്നാലെ സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം. 15 ശതമാനമായാണ് തീരുവ കൂട്ടിയത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണിത്. ആറ് ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമാക്കിയാണ് സർക്കാർ ഉയർത്തിയത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പെടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ആവശ്യം കുറയ്ക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വ്യാപാര കമ്മി കുറയ്ക്കുന്നതിനും തകർച്ചയിലേക്ക് കൂപ്പുകുത്തിയ രൂപയെ ശക്തിപ്പെടുത്തുന്നതിനും ആണ് നടപടി. എന്നാൽ, 2024ൽ കുറച്ച നികുതി വീണ്ടും വർദ്ധിപ്പിച്ചത് സ്വർണ്ണ കള്ളക്കടത്ത് വർദ്ധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്.

രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഓഹരി വിപണിയിൽ നിന്നുള്ള ആദായം കുറഞ്ഞ സാഹചര്യത്തിൽ, സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. ഈ വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയിലെ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 186 ശതമാനം വർദ്ധിച്ച് 20 മെട്രിക് ടണ്ണിലെത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

യുപിയിൽ വർക്ക് ഫ്രം ഉത്തരവ് പരിഗണനയിൽ

യുപിയിൽ ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോമിന് ഉത്തരവ് ഇറങ്ങിയേക്കും. യുപി, രാജസ്ഥാൻ മുഖ്യമന്ത്രിമാരുടെ വാഹനവ്യൂഹം ചുരുക്കും. മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ പഠനയാത്ര റദ്ദാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയാക്കും. ഇതിനുള്ള നിർദ്ദേശം മോദി എസ്പിജിക്ക് നൽകിയെന്ന് സൂചനയുണ്ട്. ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനാണ് നീക്കം.

കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചത്. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർ പൂളിംഗ് അടക്കം നടപ്പാക്കണം എന്നും മോദി ആവശ്യപ്പെട്ടു. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മെട്രോ ഉള്ള നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കണം. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുന്നതും രാജ്യസ്നേഹമാണെന്നും നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും പ്രധാനമന്ത്രി ഹൈദരാബാദിലെ റാലിയിൽ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ധന പ്രതിസന്ധിയിൽ സുപ്രധാന തീരുമാനവുമായി പ്രധാനമന്ത്രി; വാഹനവ്യൂഹം പകുതിയായി വെട്ടിക്കുറച്ചു, പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം
സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു