
ദില്ലി: അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാർഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാൽ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു.
ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്ന് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമെന്നും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ നാമകരണം കൊണ്ട് മാറ്റാനാകില്ലെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത് ഇതാദ്യമല്ല. 2024 ൽ, 30 പുതിയ സ്ഥലങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കിയിരുന്നു. ആ സമയത്തും ഇന്ത്യ ശക്തമായി എതിർത്തു. 'സാങ്‌നാൻ' എന്ന് അവർ പരാമർശിക്കുന്ന അരുണാചൽ പ്രദേശിനുമേലുള്ള തങ്ങളുടെ പ്രദേശിക അവകാശവാദങ്ങൾ സ്ഥാപിക്കാൻ ചൈനീസ് സർക്കാർ ഭൂപടങ്ങളും പ്രസ്താവനകളും പുറപ്പെടുവിക്കുന്നതിനൊപ്പം ഇത്തരം തന്ത്രങ്ങളും പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam