'അസംബന്ധം, പാകിസ്ഥാന്‍റെ നിർദേശപ്രകാരമുള്ള പ്രസ്താവന': ഇസ്ലാമിക രാഷ്ട്ര സംഘടനയ്ക്ക് ഇന്ത്യയുടെ മറുപടി

Published : May 07, 2025, 01:37 AM ISTUpdated : May 07, 2025, 01:52 AM IST
'അസംബന്ധം, പാകിസ്ഥാന്‍റെ നിർദേശപ്രകാരമുള്ള പ്രസ്താവന': ഇസ്ലാമിക രാഷ്ട്ര സംഘടനയ്ക്ക് ഇന്ത്യയുടെ മറുപടി

Synopsis

ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന പഹൽഗാമിലെ വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രസ്താവന നടത്തിയതെന്ന് ഇന്ത്യ

ദില്ലി: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ) കശ്മീർ വിഷയം പരാമർശിച്ചത് തള്ളി  ഇന്ത്യ. പഹൽഗാമിലെ ആക്രമണത്തിൻറെ വസ്തുതകൾ മനസ്സിലാക്കിയുള്ള പ്രസ്താവനയല്ല എന്നാണ് ഇന്ത്യയുടെ മറുപടി. ന്യൂയോർക്കിലെ ഒഐസി അംബാസഡർമാർ ഇറക്കിയ പ്രസ്താവനയാണ് ഇന്ത്യ തള്ളിയത്. 

ഒഐസി ഇറക്കിയ പ്രസ്താവനയിൽ പറയുന്നത് പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണ് എന്നാണ്. ഭീകരാക്രമണത്തെ അപലപിക്കുന്നുണ്ടെങ്കിലും യുദ്ധഭീതിയുണ്ടാക്കുന്നത് ശരിയല്ല എന്നും പ്രസ്താവനയിൽ പറയുന്നു. തുടർന്ന് ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. പാകിസ്ഥാന്റെ നിർദ്ദേശ പ്രകാരം പുറപ്പെടുവിച്ച ഒഐസി പ്രസ്താവന അസംബന്ധമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

പരാജിത രാജ്യമായ പാകിസ്ഥാൻ ഒഐസിയെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. പഹൽഗാമിലെ വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രസ്താവനയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒഐസിയുടെ ഇടപെടലിനെ തള്ളിക്കളയുന്നുവെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. പല രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് വരുത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ നടത്തുകയാണ്. 

രാജ്യം കനത്ത ജാഗ്രതയിൽ

ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഇന്ന് മോക്ഡ്രിൽ. ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിലാണ് ദേശവ്യാപകമായി മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്ലാക്ക് ഔട്ട് ഡ്രിൽ തുടങ്ങി പത്ത് നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്‍കിയത്. കാർഗിൽ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം. ദില്ലി അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും.

കേരളത്തിലും മോക് ഡ്രിൽ നടത്തും. ഇന്ന് വൈകീട്ട് നാല് മണിക്കാവും മോക് ഡ്രിൽ. എല്ലാ ജില്ലകളിലും മോക് ഡ്രിൽ നടത്താനാണ് സാധ്യത. ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ മോക് ഡ്രിൽ എവിടെ, എങ്ങനെ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. ജില്ലാ കളക്ടർമാർക്കാണ് ഏകോപന ചുമതല. പൊലീസ് - ഫയർ ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടത്തെ സഹായിക്കാനാണ് നിർദ്ദേശം.

PREV
Read more Articles on
click me!

Recommended Stories

ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം