Modi-Putin : ആയുധവ്യാപരമേഖലകളിലടക്കം സുപ്രധാന കരാറുകൾ, ഇന്ത്യ-റഷ്യ കൂടിക്കാഴ്ചയിൽ ചർച്ചയായി അഫ്ഗാനും കൊവിഡും

By Web TeamFirst Published Dec 6, 2021, 10:16 PM IST
Highlights

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുചിന്‍ ആശങ്കയറിയിച്ചു. കൊവിഡ് പോരാട്ടത്തിൽ റഷ്യയുടെ സഹകരണം ഇന്ത്യക്ക് ശക്തിയായെന്ന് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.


ദില്ലി: ആയുധ വ്യാപരമേഖലകളിലടക്കം സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യയും റഷ്യയും (India Russia Summit) ഒപ്പുവച്ചു. ദില്ലിയിൽ നടന്ന വ്ലാദിമര്‍ പുചിന്‍ (Vladimir Putin) നരേന്ദ്രമോദി (Narendra Modi) കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്ഥാനും കൊവിഡും പ്രധാന ചർച്ചാ വിഷയങ്ങളായി. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുചിന്‍ ആശങ്കയറിയിച്ചു. കൊവിഡ് പോരാട്ടത്തിൽ റഷ്യയുടെ സഹകരണം ഇന്ത്യക്ക് ശക്തിയായെന്ന് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിന് ശേഷം ഇരു നേതാക്കളും കണ്ടുമുട്ടിയപ്പോള്‍  അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മുതല്‍  കൊവിഡ് പ്രതിരോധം വരെയുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. തീവ്രവാദം എക്കാലത്തെയും ആശങ്കയാണന്ന് അഫ്ഗാനിലെ സാഹചര്യം ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും തടയപ്പടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

പാക് തീവ്രവാദത്തെ കൂടിക്കാഴ്ചയില്‍ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തീവ്രവാദത്തിനെതിരായ നീക്കത്തില്‍ റഷ്യയുടെ പിന്തുണ തേടി. കൊവിഡ് പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയില്‍ മോദി നന്ദിയറിയിച്ചു. 

ആറുലക്ഷത്തിൽ അധികം  എകെ 203 തോക്കുകൾ വാങ്ങുന്നതിനുള്ളതടക്കം സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവച്ചു. കലാശ്നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും തീരുമാനമായി. സൈനിക സഹകരണ ഉടമ്പടി 2031 വരെ നീട്ടിയ കരാറിലും രാജ്യങ്ങൾ ഒപ്പുവെച്ചു. 

മോദി -പുചിന്‍ കൂടിക്കാഴ്ചക്ക് മുന്‍പ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ പ്രതിരോധമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ താഴ്ത്തിക്കെട്ടാൻ അമേരിക്ക ശ്രമിച്ചുവെന്ന ആരോപണം റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ് ഉന്നയിച്ചു. 

click me!