
ദില്ലി: ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ സര്‍വേ. ആരോഗ്യ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊവിഡ് കാരണം അടുത്ത ഒരു വര്‍ഷം കൂടെ രാജ്യത്ത് ആരോഗ്യ ഭീഷണിയുണ്ടായേക്കാമെന്നും സര്‍വേ പറയുന്നു. ജൂണ്‍ 13 മുതല്‍ 17വരെ ആരോഗ്യരംഗത്തെ 40 വിദഗ്ധരുമായി സംവദിച്ചാണ് വിശദമായ സര്‍വേ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം ആളുകളും ഒക്ടോബറില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന് പ്രവചിച്ചു. മൂന്ന് പേര്‍ ഓഗസ്റ്റിലോ സെപ്റ്റംബറിലോ മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നും അഭിപ്രായപ്പെട്ടു. ചിലര്‍ നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ മൂന്നാം തരംഗമുണ്ടായേക്കാമെന്നും വ്യക്തമാക്കി. മൂന്നാം തരംഗത്തെ ഇന്ത്യ രണ്ടാം തരംഗത്തേക്കാള്‍ നന്നായി നിയന്ത്രിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും വെളിപ്പെടുത്തി. വാക്‌സിനേഷന്‍ നടക്കുന്നതിനാല്‍ മൂന്നാം തരംഗത്തില്‍ കേസുകള്‍ കുറവായിരിക്കും. രണ്ടാം തരംഗത്തില്‍ നിന്ന ലഭിച്ച സ്വാഭാവിക പ്രതിരോധ ശേഷിയുമുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ജനസംഖ്യയിലെ അഞ്ച് ശതമാനത്തിന് മാത്രമാണ് മുഴുവന്‍ വാക്‌സിനേഷനും ലഭിച്ചത്. ഈ വര്‍ഷം തന്നെ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മൂന്നാം തരംഗം 18 വയസ്സിന് താഴെയുള്ളവരെയാണ് കൂടുതല്‍ ബാധിക്കുക എന്നതാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അവരില്‍ ആര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കാത്തതാണ് അതിന് കാരണമെന്ന് നിംഹാന്‍സ് തലവന്‍ ഡോ. പ്രദീപ് ബനന്ദുര്‍ പറഞ്ഞു. കുട്ടികള്‍ക്ക് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ കൃത്യമായ മുന്നൊരുക്കം അത്യാവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam