12 സംസ്ഥാനത്തെ 3351 കേന്ദ്രങ്ങളില്‍ വാക്‌സീന്‍ സ്വീകരിച്ച് ഇന്ത്യ; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്രം

By Web TeamFirst Published Jan 16, 2021, 8:26 PM IST
Highlights

ലോകത്തിന് പൂര്‍ണ വിശ്വാസമുള്ള വാക്‌സീനുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളണമെന്ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
 

ദില്ലി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കം. 3351 കേന്ദ്രങ്ങളില്‍ വാക്‌സീന്‍ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. ലോകത്തിന് പൂര്‍ണ വിശ്വാസമുള്ള വാക്‌സീനുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളണമെന്ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മഹാമാരിക്കെതിരെ പൊരുതി ജീവന്‍ നല്‍കിയവര്‍ക്കുള്ള ആദരാഞ്ജലിയാണ് വാക്‌സീനെന്ന് വികാരാധീനനായി പ്രധാനമന്ത്രി പറഞ്ഞു.

ഒരു തരത്തിലുമുള്ള കള്ളപ്രചാരണത്തില്‍പ്പെടരുത്. ഇന്ത്യയിലെ ശാസ്ത്രജ്ഞരിലും മെഡിക്കല്‍ സംവിധാനങ്ങളിലും ലോകത്തിന് പൂര്‍ണ വിശ്വാസമുണ്ട്. നമ്മളെ വിട്ടു പോയവരുടെ സംസ്‌കാരം പോലും യഥാവിധി നടത്താനായില്ല. ആയിരക്കണക്കിന് മുന്നണി പോരാളികള്‍ വീട്ടില്‍ മടങ്ങിയെത്തിയില്ല. അവര്‍ ഓരോ ജീവനും സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കി. നമുക്ക് പുതിയ പ്രതിജ്ഞ എടുക്കണം, മരുന്നിനൊപ്പം കരുതലും വേണം -പ്രധാനമന്ത്രി പറഞ്ഞു. 

കൊവിഡില്‍ നിന്നും രക്ഷപ്പെടാമെന്ന പ്രതീക്ഷയോടെയാണ് വാക്‌സിനേഷന് ഇന്ന് തുടക്കമായത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക വിജയം നല്‍കാന്‍ വാക്‌സിനു കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി പ്രതിപക്ഷത്തിന് മറുപടിയും അദ്ദേഹം നല്‍കി. 

കൂടുതല്‍ വാക്‌സീനുകള്‍ വരും ദിവസങ്ങളില്‍ വരും. ജാഗ്രത കൈവിടരുത് എന്ന നിര്‍ദ്ദേശത്തോടെയാണ് മോദി അഭിസംബോധന അവസാനിപ്പിച്ചത്. വാക്‌സീനുകള്‍ സുരക്ഷിതം എന്ന വാദം ഉറപ്പിക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്. മഹാമാരിക്കെതിരെ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി ഈ വലിയ പദ്ധതിക്ക് തുടക്കമിട്ടത്. 

മാര്‍ച്ച് മുതല്‍ ജുണ്‍ വരെ നീണ്ടു നിന്ന ലോക്ക്ഡൗണ്‍ ഇന്ത്യന്‍ സമ്പദ് രംഗത്ത് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ഒരു കോടി കടന്ന് ലോകത്ത് രണ്ടാമത് രോഗനിരക്ക് ഉയര്‍ന്നു. കൊവിഡിനെതരിരായ നടപടികള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ പല ഘട്ടങ്ങളിലും വിമര്‍ശനം ഉയര്‍ന്നു. കൊവിഡ് അവസരമാക്കി കാര്‍ഷിക രംഗത്തുള്‍പ്പടെ നടപ്പാക്കിയ പരിഷാക്കാരങ്ങള്‍ ഉണ്ടാക്കിയ പ്രതിസന്ധി വേറെയും. ഇതൊക്കെ നേരിടാനുള്ള ഒറ്റമുലീ എന്ന നിലയ്ക്ക് കൂടിയാണ് ഈ വന്‍ വാക്‌സിനേഷന്‍ പദ്ധതി. ലോക്ക്ഡൗണ്‍ ഉള്‍പ്പടെ ന്യായീകരിച്ചു കൊണ്ട് അന്തരീക്ഷം മാറ്റുക എന്ന ലക്ഷ്യം പ്രധാനമന്ത്രി ഇന്ന് പ്രകടമാക്കി

സമ്പദ് വ്യവസ്ഥ എന്ന് സാധാരണ നിലയിലാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ വാക്‌സീന്‍ വന്നതിന്റെ പ്രതീക്ഷ വിപണിയില്‍ പ്രകടമായി. അതിനാല്‍ വാക്‌സിനേഷന്റെ വിജയം തിരിച്ചുവരവിന് അനിവാര്യമാണ്. ആദ്യഘട്ട വാക്‌സിനേഷന്‍ ഏതാണ് അവസാനിക്കുമ്പോഴാകും കേരളവും പശ്ചിമബംഗാളും ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍. അടുത്ത ഘട്ടത്തിലുള്ളവരുടെ വാക്‌സിനേഷന്‍ കുറവുകളില്ലാതെ തുടങ്ങുക എന്നതിനൊപ്പം ഇതിന്റെ ചെലവ് ആരു വഹിക്കും എന്ന ചര്‍ച്ചയും ഇനി സജീവമാകും. 

നാലു വാക്‌സീനുകളുടെ പരീക്ഷണം കൂടി ഇന്ത്യയില്‍ തുടരുകയാണ്. 130 കോടി പേരുടെ വാക്‌സിനേഷന്‍ ഏറെക്കാലം വേണ്ടി വരുന്ന നടപടിയെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യമുണ്ട്. രണ്ട് വര്‍ഷം വരെ നീണ്ടേക്കാവുന്ന ഈ പ്രക്രിയയുടെ സമയം എത്രയും കുറയ്ക്കുക എന്നത് വിമര്‍ശനവും തിരിച്ചടിയും ഒഴിവാക്കാന്‍ സര്‍ക്കാരിന് നിര്‍ണ്ണായകമാണ്.
 

click me!