ചൈനക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; ഹൈവേ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും

By Web TeamFirst Published Jul 1, 2020, 9:32 PM IST
Highlights

ടിക്ക് ടോക്ക് ഉള്‍പ്പടെ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്.
 

ദില്ലി: ചൈനക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. ഹൈവേ പദ്ധതികളില്‍ നിന്നും 4ജി വികസനത്തില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ നിന്നുള്ള പിന്മാറ്റം ഘട്ടം ഘട്ടമായെന്ന് ചൈന ഇന്നലെ നടന്ന കമാന്‍ഡര്‍മാരുടെ യോഗത്തില്‍ അറിയിച്ചിരുന്നു. പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

ടിക്ക് ടോക്ക് ഉള്‍പ്പടെ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്. ദേശീയപാത പദ്ധതികളില്‍ നിന്ന് എല്ലാം ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ചെറുകിട ഇടത്തരം മേഖലയിലെ നിക്ഷേപവും തടയും. 4 ജി വികസനത്തിന് ചൈനീസ് കമ്പനികള്‍ക്ക് നല്കിയ ടെന്‍ഡറില്‍ നിന്ന് ചൈനീസ് കമ്പനി വാവേയെ ഒഴിവാക്കാനും തീരുമാനമായി. 

പ്രധാനമന്ത്രി മന്ത്രി ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിലെ പോസ്റ്റുകള്‍ നീക്കി. 2, 44,000 ഫോളോവേഴ്‌സ് മോദിക്കുണ്ടായിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ അതിര്‍ത്തിയില്‍ നടന്ന ചര്‍ച്ച ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ച വേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഘട്ടം ഘട്ടമായി, എന്നാല്‍ വേഗത്തില്‍ സേനാ പിന്‍മാറ്റത്തിനാണ് ധാരണയാത്. പിന്‍മാറ്റം സങ്കീര്‍ണമാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെയാണ് പാകിസ്ഥാന്റെ ചില നീക്കങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. 

പാക് അധീന കശ്മീരിലെ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 20,000 സൈനികരെ കൂടുതലായി എത്തിച്ചു. കൂടുതല്‍ സന്നാഹവും പാകിസ്ഥാന്‍ ഇങ്ങോട്ട് നീക്കി. പാകിസ്ഥാന്റെ വ്യോമനീക്കവും ഇന്ത്യ നിരീക്ഷിക്കുകയാണ്. ഒരു ചൈനീസ് വിമാനത്തിന് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം അടുത്തിടെ പാക് അധീന കശ്മീരില്‍ നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാനുള്ള സേന വിന്യാസം ഇന്ത്യയുടെ പൂര്‍ത്തിയാക്കിയിരുന്നു.
 

click me!