
ദില്ലി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഇന്ത്യയിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയർന്നെന്ന് റിപ്പോർട്ട്. തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളെന്ന കണക്കുകളാണ് പുറത്ത് വന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയും ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹ്യുമൻ ഡെവലപ്മെന്റും ചേർന്ന് പ്രസിദ്ധീകരിച്ച കണക്കുകൾ കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പ്രചാരണത്തിൽ ആയുധമാക്കുകയാണ്.
ഇന്ത്യയുടെ തൊഴിൽ മേഖലിലെ യഥാർത്ഥ അവസ്ഥ വരച്ചിടുന്നതാണ് ഇന്ത്യ അൺഎംപ്ലോയ്‌മെന്റ് റിപ്പോർട്ട് എന്ന പേരിൽ പ്രസിദ്ധീകരിച്ച കണക്കുകൾ. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്. തൊഴിലില്ലായ്മ അനുഭവിക്കുന്നവരിൽ 83% ശതമാനവും യുവാക്കളാണെന്നും ഇതിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ മാത്രം 65.7 ശതമാനം പേരുണ്ടെന്നുമാണ് കണക്കുകൾ സുചിപ്പിക്കുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
ദരിദ്രരായ വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും കൊഴിഞ്ഞു പോകുന്ന പ്രവണതയും മാറ്റമില്ലാതെ തുടരുന്നുണ്ട്. രാജ്യത്ത് തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലിയുടെ നിരക്കിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം കൂലിയെക്കാൾ കുറഞ്ഞ കൂലി ലഭിക്കുന്നു എന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ റിപ്പോർട്ട് സർക്കാരിനെതിരെ അയുധമാക്കുകയാണ്. രണ്ട് കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെ പോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കൾ മോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം പേറുകയാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam