ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം ആൺസുഹൃത്തിൽ നിന്ന് മറച്ചുവെക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
ബംഗളൂരു: ക്യാബ് ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ വൻ വഴിത്തിരിവ്. പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. മലയാളി യുവതിയായിരുന്നു പരാതി നൽകിയത്. ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം യുവതിയുടെ ആൺ സുഹൃത്ത് കണ്ട് പിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായിരുന്നു വ്യാജ ആരോപണം ഉന്നയിച്ചത്. യാത്രക്കായി വിളിച്ചുകൊണ്ടിരുന്ന ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം നടത്തിയെന്ന മലയാളി യുവതിയുടെ പരാതി ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ കേസിലാണ് ഒടുവിൽ യാഥാർത്ഥ്യം പുറത്ത് വന്നിരിക്കുന്നത്.
സംഭവം ഇങ്ങനെ
ബെംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബിൽ പോവുകയും പിന്നീട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് യുവതി കേരളത്തില്‍ എത്തിയപ്പോഴാണ് നാട്ടിലെ ആൺ സുഹൃത്ത് കഴുത്തിൽ മുറിപ്പാട് കാണുന്നത്. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാബ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു മറുപടി. ഇത് വിശ്വസിച്ച ആൺ സുഹൃത്ത് യുവതിയുമായി ബെംഗളൂരുവിലെത്തി മഡിവാള പൊലീസിൽ പരാതിയുമായെത്തി. കേസ് ബാനസ് വാടി പോലീസിന് കൈമാറി. പ്രാഥമികമായി വിവരങ്ങൾ ആരാഞ്ഞതോടെ തന്നെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നത് എന്ന് പോലീസിന് വ്യക്തമായി. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്.


