പിഞ്ചുകുഞ്ഞിന് ചെറിയ മുറിവേറ്റു, മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തി ജർമനി; കാത്തിരുന്ന് ഇന്ത്യന്‍ ദമ്പതികള്‍

Published : Mar 11, 2023, 09:09 AM ISTUpdated : Mar 11, 2023, 10:09 AM IST
പിഞ്ചുകുഞ്ഞിന് ചെറിയ മുറിവേറ്റു, മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തി ജർമനി; കാത്തിരുന്ന് ഇന്ത്യന്‍ ദമ്പതികള്‍

Synopsis

ലാളിച്ച് കൊതി തീരും മുൻപേ ഏഴാം മാസത്തിൽ മകളെ വേർപിരിയേണ്ടി വന്ന ഒരു അച്ഛനും അമ്മയുമാണിത്. ഗുജറാത്ത് സ്വദേശികളാണ് ഭാവേഷ് ഷായും ഭാര്യ ധാരാ ഷായും. ജർമ്മനിയിൽ നല്ലൊരു ജീവിതം സ്വപ്നം കണ്ട് കുടിയേറിയ ചെറുകുടുംബത്തിൽ പിറന്ന ആദ്യത്തെ കൺമണിയാണ് അരിഹ.

ദില്ലി: ജർമ്മനിയിൽ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിന്‍റെ ഇടപെടൽ തേടുന്ന കുടുംബമുണ്ട് മുംബൈയിൽ. കളിക്കുന്നതിനിടെ മകൾക്കേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജർമ്മൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചത്. ലാളിച്ച് കൊതി തീരും മുൻപേ ഏഴാം മാസത്തിൽ മകളെ വേർപിരിയേണ്ടി വന്ന ഒരു അച്ഛനും അമ്മയുമാണിത്. ഗുജറാത്ത് സ്വദേശികളാണ് ഭാവേഷ് ഷായും ഭാര്യ ധാരാ ഷായും. ജർമ്മനിയിൽ നല്ലൊരു ജീവിതം സ്വപ്നം കണ്ട് കുടിയേറിയ ചെറുകുടുംബത്തിൽ പിറന്ന ആദ്യത്തെ കൺമണിയാണ് അരിഹ.

2021 സെപ്തംബറിലാണ് സ്വകാര്യ ഭാഗത്തിനടുത്ത് ചെറിയൊരു മുറിവ് കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സയും നൽകി. ദിവസങ്ങൾക്ക് ശേഷം രണ്ടാമത് ചെക്കപ്പിന് ചെന്നപ്പോഴാണ് ഡോക്ടർ ശിശുസംരക്ഷണ വകുപ്പിനെ വിളിച്ച് വരുത്തിയത്. പരിക്ക് സ്വകാര്യഭാഗത്തായതിനാൽ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നായി വാദം. കുഞ്ഞിന്‍റെ പിതൃത്വവും ചോദ്യം ചെയ്തു. പിന്നാലെ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. മുലപ്പാൽ കുടിക്കുന്ന കുഞ്ഞാണ്. അത് പോലും നിഷേധിച്ചു. പാൽ ശേഖരിച്ച് കുപ്പിയിലാക്കി നൽകാമെന്ന് പറഞ്ഞിട്ടുപോലും സമ്മതിച്ചില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. ഡിഎൻഐ ടെസ്റ്റ് ചെയ്ത് പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ആശുപത്രി ഡോക്ടർമാരും നിലപാട് തിരുത്തി. കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോൾ അപ്പീൽ നൽകി കേസ് നീട്ടിക്കൊണ്ടു പോവാനാണ് ജർമ്മൻ സർക്കാർ ശ്രമിച്ചത്. മാസത്തിൽ ഒരിക്കൽ കുഞ്ഞിനെ ഏതാനും മിനിറ്റ് കാണാൻ മാത്രമാണ് അനുവാദമുള്ളത്. മകളോട് ഓരോ വട്ടവും യാത്ര പറയുമ്പോഴും അവൾ കയ്യിൽ പിടിച്ച് കരയും. ഒപ്പം കൊണ്ട് പോവണമെന്ന് പറയും.

ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭാവേഷിന് ഇതിനിടെ ജോലി നഷ്ടമായി. ഇന്ത്യൻഭാഷ അറിയാത്തതിനാൽ കുഞ്ഞിനെ നാട്ടിലേക്ക് വിടാനാകില്ലെന്നാണ് ജർമ്മൻ അധികൃതർ പറയുന്നത്. അത് പഠിപ്പിക്കാമെന്ന് പറ‍യുമ്പോൾ അനുവദിക്കുന്നുമില്ല.ചുരുക്കത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി ഇടപെടും വരെ ഈ ദുരിത പർവ്വം തുടരുമെന്ന് ഇവർക്കറിയാം. ഇപ്പോള്‍ മൂന്ന് വയസ്സായ കുഞ്ഞിനെ 2021ലാണ് അധികൃതര്‍ മാതാപിതാക്കളില്‍ നിന്നേറ്റെടുക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെട്ട് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇവര്‍ പരാതിയും നല്‍കി. 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്